കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26,000 വോട്ടിന് യു.ഡി.എഫിലെ ഹൈബി ഈഡൻ ലീഡ് കൈവരിച്ച കൊച്ചി നിയമസഭാ മണ്ഡലത്തിൽ ഇക്കുറിയും വലിയ അട്ടിമറി പ്രതീക്ഷകളില്ല. എന്നിരുന്നാലും സ്ഥാനാർഥി പ്രഖ്യാപനം മുതൽ എണ്ണയിട്ട യന്ത്രം കണക്കെയുള്ള എൽ.ഡി.എഫ് പ്രവർത്തനം ശ്രദ്ധേയമാണ്. മണ്ഡലത്തിന് പരിചയമില്ലാത്ത കെ.ജെ. ഷൈനിനെ ഈ പ്രവർത്തനത്തിലൂടെ സുപരിചിതയാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതിനകം മണ്ഡലത്തിൽ മൂന്ന് റൗണ്ട് പര്യടനം നടത്തിക്കഴിഞ്ഞു.
ഇടതുമുന്നണിയുടെ ഇതുവരെയുള്ള പ്രവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ യു.ഡി.എഫിന്റെ പ്രവർത്തനം അൽപം പിന്നിലാണ്. പാർട്ടിക്കുള്ളിലും മുസ്ലിം ലീഗിലെയും ചില്ലറ ആഭ്യന്തര പ്രശ്നങ്ങൾ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കോൺഗ്രസ് പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചശേഷമുള്ള ചില പൊട്ടിത്തെറികളുടെ അലയൊലി അടങ്ങിയിട്ടില്ല. മണ്ഡല പുനർനിർണയശേഷം ഒരു തവണ കോൺഗ്രസ് സ്ഥാനാർഥി ഡൊമിനിക് പ്രസന്റേഷൻ ജയിച്ചെങ്കിലും പിന്നീട് രണ്ട് തവണയും സി.പി.എമ്മിലെ കെ.ജെ. മാക്സിയാണ് വിജയിച്ചത്.
ലീഗിനുള്ളിലെ ചേരിതിരിവുമൂലം രണ്ട് ഡിവിഷനിലെ പാർലമെൻറ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വരെ മാറ്റിവെക്കേണ്ടി വന്നു. രണ്ടാം ഡിവിഷനിൽ ലീഗുകാർ തമ്മിൽ കൈയാങ്കളിയും നടന്നു. യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണ്. ഇതൊക്കെയാണെങ്കിലും മണ്ഡലത്തിൽ സുപരിചിതനായ ഹൈബി ഈഡന് നിലവിൽ വലിയ വെല്ലുവിളി ഉയർത്താൻ എതിർ സ്ഥാനാർഥിക്ക് കഴിഞ്ഞിട്ടില്ല. തെക്കൻ ചെല്ലാനത്തെ ട്രെട്രോപോഡ് നിർമാണം ഇടതിന് ഗുണകരമായിട്ടുണ്ടെങ്കിലും വടക്കൻ ചെല്ലാനത്തെ ടെട്രോപോഡ് നിർമാണം വൈകിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനത്തെ ട്വൻറി 20 പാർട്ടിയുടെ പഴയ ശൗര്യം ഇപ്പോഴില്ല. ചെല്ലാനം പഞ്ചായത്തിലെ അധികാരക്കസേരയിലെ വടംവലി മൂലം പാർട്ടിക്കുണ്ടായിരുന്ന സ്വീകാര്യത ഏതാണ്ട് നിലച്ച മട്ടാണ്. മുഖ്യമന്ത്രിയുടെ സി.എ.എ വിരുദ്ധ നീക്കം മുസ്ലിം വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ആദ്യഘട്ടത്തിൽ ചെലുത്തിയെങ്കിലും റിയാസ് മൗലവി വധക്കേസിലെ വിധി ഇതെല്ലാം തകിടം മറിച്ച സ്ഥിതിയാണ് പരോക്ഷമായി കാണുന്നത്.
കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച പ്രചാരണ പ്രവർത്തനങ്ങളുമായി ഇടതു മുന്നണി മുന്നോട്ട് പോകുമ്പോൾ യു.ഡി.എഫിൽ പ്രചാരണ നേതൃത്വത്തിന് നല്ലൊരു നേതാവില്ലാത്തത് തലവേദനയാകുന്നുണ്ട്. സ്ഥാനാർഥി നിർണയം വൈകിയെങ്കിലും എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾ മണ്ഡലം കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.