കൊച്ചി: പൊലീസും എക്സൈസും ലഹരിക്കെതിരെ കളിക്കാനിറങ്ങിയപ്പോൾ കൊച്ചിയുടെ ലഹരിക്കെതിരായ പോരാട്ടത്തിന് ആവേശമായി. സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത് ആശയത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി ഞായറാഴ്ച കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ‘മാധ്യമം’ നടത്തുന്ന വാക്കത്തണിനൊപ്പം പൊലീസും എക്സൈസും കൈകോർക്കുന്നതിന്‍റെ ഭാഗാമായാണ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചത്.
ഇരുടീമുകളും ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തിന് സമാനമായിരുന്നു കളിയും. ലഹരിയെ തുരത്താൻ മുന്നിൽ നിൽക്കുന്നവർ പന്തുമായി ഇറങ്ങിയപ്പോൾ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ട് ഉഗ്രൻ പോരാട്ടത്തിന് സാക്ഷിയായി. മത്സരത്തില്‍ കേരള പൊലീസിനെതിരെ എക്സൈസ് 2-1ന് വിജയിച്ചു. സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ മത്സരം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ കൂട്ടായുള്ള പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മരുന്ന് സ്പോർട്സാണ്. ലഹരി ഉപേക്ഷിച്ചു, എല്ലാവരും സ്പോർട്സിനെ സ്നേഹിക്കണം. യുവതലമുറ ആരോഗ്യസംരക്ഷണത്തിനും മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സിനി ആന്‍റണി, എക്സിക്യൂട്ടിവ് അംഗം എം.എ. തോമസ്, ‘മാധ്യമം’ റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ, പ്രസ്ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ മാച്ച് കമീഷണർ കെ. രവീന്ദ്രൻ കളി നിയന്ത്രിച്ചു. സിവിൽ എക്സൈസ് ഓഫിസർ സി.എ. സിദ്ദീഖിന്‍റെ നേതൃത്വത്തിലായിരുന്നു എക്സൈസ് ടീം.
യു.കെ. ജ്യോതിഷ് (ഗോൾകീപ്പർ), കെ.വി. ജോമോൻ, വി.കെ. വിനോദ്, സി.കെ. സലാഹുദ്ദീൻ, കെ.കെ. അജിത്, കെ.എ. ബദറുദ്ദീൻ, ഇഷാൽ അഹ്മദ് എന്നിവരായിരുന്നു ടീം അംഗങ്ങൾ.കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എൻ. അബ്ദുസ്സലാമിന്‍റെ നേതൃത്വത്തിൽ എൻ.ആർ. ജോർജ്, എം.പി. പ്രമോദ്, എം.എ. നാസർ, എം.ബി. യൂസുഫ്, സി.എം. മോഹ്രാജ് (ഗോൾ കീപ്പർ), വി.ബി. കുമാർ എന്നിവരാണ് പൊലീസിനുവേണ്ടി കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.