കാക്കനാട്: അരികിലേക്കെത്തുന്നവരെയെല്ലാം വാലുകൊണ്ട് അടിച്ച് ഓടിക്കുന്ന ഉടുമ്പായിരുന്നു ഞായറാഴ്ച കാക്കനാട്ടെ താരം. ഭീമൻ ഉടുമ്പിനെ കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ വാഹന ഗതാഗതം പോലും തടസ്സപ്പെട്ടു.
ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പിടികൂടിയത്. കാക്കനാട് ഇടച്ചിറ റോഡിൽ സമീപത്തെ ഫ്ലാറ്റിനോട് ചേർന്നായിരുന്നു ഞായറാഴ്ച രാവിലെ ഉടുമ്പിനെ കണ്ടെത്തിയത്. സമീപത്തെ കുറ്റിക്കാട്ടിൽ നിന്നിറങ്ങി വന്ന ഉടുമ്പിന് ആറ് അടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുണ്ടായിരിക്കാം എന്നാണ് കണക്കുകൂട്ടൽ. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവിടെ വന്ന് പെടുകയായിരുന്നു.
ഇത്രയും വലിയ ഉടുമ്പിനെ ശ്രദ്ധയിൽ പെട്ടതോടെ ആളുകൾ വട്ടം കൂടി. രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ യാതൊരു കൂസലുമില്ലാതെ അവിടെ തന്നെ കിടക്കുകയായിരുന്നു കൂറ്റൻ ഉടുമ്പ്. എന്നാൽ, ഇതിനെ പിടികൂടാൻ ശ്രമിച്ചവർക്ക് കണക്കിന് കൊടുക്കാനും മറന്നില്ല. അടുത്തേക്ക് എത്തിയവരെയെല്ലാം വാൽ ചുഴറ്റി അടിച്ചോടിക്കുകയായിരുന്നു.
ആളുകൾക്ക് കൗതുകമായതോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നിമിഷങ്ങൾക്കകം വൈറലായി. കൂടുതൽ ആളുകൾ കാണാനെത്തിയതോടെ സ്ഥലത്ത് ചെറിയ തോതിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. അതിനിടെ വിവരമറിഞ്ഞ് വാർഡ് കൗൺസിലർ അബ്ദുഷാനയും പൊലീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിളിച്ചു വരുത്തുകയായിരുന്നു. നിരവധി ഉടുമ്പുകളെയാണ് കാക്കനാട് ഭാഗത്തുനിന്ന് പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞ ആഴ്ച കാക്കനാടിന് സമീപം തുതിയൂരിൽ അപൂർവ ഇനത്തിൽ പെട്ട ഉടുമ്പിനെ കണ്ടെത്തിയിരുന്നു. പൊന്നുടുമ്പ് ഇനത്തിൽ പെട്ട ഉടുമ്പിനെയാണ് തുതിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കണ്ടെത്തിയത്. ശരീരമാസകലം സ്വർണ നിറത്തിലുള്ള കുത്തുകളുള്ള ഉടുമ്പായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.