ടി.ബി ജങ്ഷനിൽ കോൺക്രീറ്റ് ചേംബറിൽ മലിനജലം കെട്ടികിടക്കുന്നു
മൂവാറ്റുപുഴ: ടി.ബി ജങ്ഷനിൽ നഗര റോഡ് വികസനത്തിൻറെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് ചേംബറുകളിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയ സ്ഥാപനത്തിന് നഗരസഭ നോട്ടീസ് നൽകി. ഇതിനു പുറമെ കച്ചേരിത്താഴത്ത് ഓടയിലേക്ക് മലിന ജലം ഒഴുക്കിയ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ടി.ബി ജങ്ഷനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് മാലിന്യം ഒഴുകിയത്.
അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് ഉയർന്ന പരാതിയിൽ സ്ലാബുകൾ ഉയർത്തി നോക്കിയപ്പോഴാണ് ശുചിമുറി മാലിന്യം ഒഴുകുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കെ.ആർ. എഫ്.ബി ഉദ്യോഗസ്ഥരും നോട്ടീസ് നൽകിയിട്ടുണ്ട്.ശുചിമുറി മാലിന്യം ടാങ്ക് നിറഞ്ഞ് ചേംബറിലേക്ക് ഒഴുകുകയായിരുന്നുവെന്നാണ് സ്ഥാപനം നടത്തിപ്പുകാർ പറയുന്നത്.കെട്ടിട ഉടമസ്ഥൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇവർ പറയുന്നു.
ശുചിമുറി മാലിന്യം ഉൾപ്പെടെ കാനയിലൂടെ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയ നഗരത്തിലെ രണ്ട് ഹോട്ടലുകൾക്കും നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നൽകിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ സ്ലാബുകൾ ഉയർത്തി പരിശോധന നടത്തിയെങ്കിലും ചില സ്ഥലങ്ങളിൽ മാത്രം പരിശോധന നടത്തിയത് വിവാദമായിരുന്നു. ഇതു കൂടി മുന്നിൽ കണ്ട് 28 വാർഡുകളിലും പരിശോധന നടത്താനാണ് നീക്കം.
നഗരത്തിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും മാലിന ജലം അടക്കം സംഭരിക്കുന്നതിന് സൗകര്യങ്ങളില്ല.ആദ്യകാലങ്ങളിൽ മുതൽ മലിന ജലം ഓടയിലേക്കാണ് ഒഴുകിയിരുന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അധികൃതർ പല സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരുന്നങ്കിലും സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതിനാൽ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.