മൂവാറ്റുപുഴ: പുറമ്പോക്ക് ഏറ്റെടുത്ത് വീതി കൂട്ടാതെയുള്ള നവീകരണ പ്രവർത്തനമാണ് കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നടക്കുന്നതെന്ന ആക്ഷേപത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നവീകരണം നടക്കുന്നതെന്ന പരാതിയും വ്യാപകം.
കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരിക്കുന്നത്. 1073.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിൽ നേര്യമംഗലത്ത് പുതിയ പാലവും പണിയുന്നുണ്ട്. പുറമ്പോക്ക് ഉൾപ്പെടുത്തി 10 മീറ്റർ വീതിയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച റോഡിന്റെ മിക്ക ഭാഗങ്ങളിലും ഈ വീതി ഇല്ലാതെയാണ് നിർമിക്കുന്ന ആക്ഷേപമാണുയരുന്നത്.
ഇതിനു പുറമേയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം അപകടങ്ങളും വർധിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററോളം കുഴിച്ചാണ് നിലവിൽ നവീകരണ പ്രവർത്തനം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിൽ വള്ളികളും തോരണങ്ങളും കെട്ടിയാണ് നിർമാണം പുരോഗമിക്കുന്നത്.
രാത്രി ഇതുകാണാതെ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നതും പതിവായി. റോഡിനോടു ചേർന്നും ടാറിങ്ങ് കുഴിച്ചുമൊക്കെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മൂലം റോഡിന്റെ വീതി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി റോഡിൽ നെല്ലിമറ്റത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ റോഡരികിൽ കുഴിച്ചിട്ട കാന യിലേക്കാണ് പതിച്ചത്.
കൊച്ചി - ധനുഷ്കോടി റോഡിൽ അപൂർവമായി മാത്രമാണ് തെരുവുവിളക്കുകൾ കത്തുന്നത്. ഇതിനാൽ രാത്രി റോഡ് കൂരിരുട്ടിലാണ്. റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് പെട്ടന്ന് അറിയാനാകില്ല. എതിരെ വാഹനം വന്നാൽ പൊടുന്നനെ റോഡരികിലേക്ക് വാഹനം വെട്ടിച്ചാൽ കുഴിയിൽ വീഴുമെന്ന സ്ഥിതിയാണ്. റോഡരികിൽ കുഴിയെടുത്ത് കാന നിർമിക്കുന്നതും പുറമ്പോക്ക് ഏറ്റെടുക്കാതെ നിലവിലെ വീതിയിൽ തന്നെ റോഡ് നവീകരിക്കുന്നതും ചോദ്യം ചെയ്ത് മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.