മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം അശാസ്ത്രീയമെന്ന് ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തി. നിർമാണം നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ്, കെ.എ. നവാസ് തുടങ്ങിയവർ സന്ദർശിച്ചു. നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമാണ പ്രവർത്തനങ്ങളെന്നും വിഷയത്തിൽ ഡീൻ കുര്യാക്കോസ് എം.പി ഇടപെടണമെന്നും എൻ. അരുൺ ആവശ്യപ്പെട്ടു.
പുറമ്പോക്ക് ഒഴിപ്പിച്ച് ദേശീയപാത നവീകരിക്കുന്നതാണ് പദ്ധതി. എന്നാൽ, കല്ലിട്ട് തിരിച്ചഭാഗം ഉൾപ്പെടെ ഒഴിവാക്കി ടാറിങ്ങിനോട് ചേർന്നാണ് ഇരുവശത്തും ഓട നിർമിക്കുന്നത്. റോഡരികിൽ കല്ലിട്ട് തിരിച്ച ഭാഗത്ത് ഒന്നര മുതൽ മൂന്നു മീറ്റർവരെ മാറ്റിയാണ് നിർമാണം നടക്കുന്നത്. ഇതിന് പുറത്താണ് ഏറ്റെടുത്ത സ്ഥലത്തിന്റെ ഭാഗങ്ങളും പഴയ ഓടകളും. ഇതുമൂലം നിലവിലെ റോഡിന്റെ വീതി ഇല്ലാതാകും.
ഇരുവശത്തേക്കും റോഡ് പുറമ്പോക്ക് കൈയേറ്റങ്ങളും ഒഴിപ്പിച്ചിട്ടില്ല. കാൽനടയും റോഡരികിലെ പാർക്കിങ്ങും ബസ്ബേ സൗകര്യവുമില്ലാതാകും. വളവുകളിലെ അശാസ്ത്രീയ നിർമാണം അപകടങ്ങൾ വർധിക്കാൻ കാരണമാകും. ഇവ പരിശോധിച്ച് നടപടിയെടുക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ തയാറായിട്ടില്ല. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് നാഷനൽ ഹൈവേ അതോറിറ്റിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.