മൂവാറ്റുപുഴ: ടൗണിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭയുടെ മുന്നറിയിപ്പ് നിലനിൽക്കെ മാലിന്യം തള്ളുന്നത് തുടർക്കഥയായി. തിങ്കളാഴ്ച രാവിലെ ഇ.ഇ.സി മാർക്കറ്റ് ബൈപാസിൽ അടക്കം മാലിന്യം കുന്നുകൂടി. ഞായറാഴ്ച നടന്ന വിവിധ ചടങ്ങുകളുടെ ഭക്ഷണാവശിഷ്ടം അടക്കം റോഡിൽ തള്ളിയ നിലയിലാണ്.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ക്വാഡ് രൂപവത്കരിച്ച് നഗരസഭ മുന്നോട്ടുപോകുന്നതിനിടയാണ് മാലിന്യം തള്ളുന്നത് തുടരുന്നത്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ 21 പോയന്റുകളിലും 24 മണിക്കൂറും സ്ക്വാഡ് പട്രോളിങ് നടത്തുമെന്നും മാലിന്യം തള്ളുന്നവർക്ക് വൻ പിഴ ചുമത്തുമെന്നും അധികൃതരുടെ പ്രഖ്യാപനം വന്നിട്ട് അധിക ദിവസമായില്ല.
മാലിന്യസംസ്കരണത്തിനു ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പൂർണ തോതിൽ നടപ്പാക്കാനായിട്ടില്ല. നിലവിൽ ഹരിതകർമ സേനയുടെയും സ്വകാര്യ ഏജൻസിയുടെയും നേതൃത്വത്തിലാണു മാലിന്യ സംസ്കരണം. ഇതിനായി ഓരോ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രതിമാസം നല്ലൊരു തുകയീടാക്കുകയും ചെയ്യുന്നുണ്ട്. വലിയ തോതിൽ മാലിന്യം സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടാകുമ്പോഴാണ് പൊതുസ്ഥലങ്ങളിൽ തള്ളുന്നത്.
രാത്രിയുടെ മറവിൽ പുഴയിലും മാലിന്യം തള്ളുന്നുണ്ട്. കച്ചേരിത്താഴം പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളിയ മാലിന്യത്തിന്റെ പകുതിയും പാലത്തിന്റെ ഫുട്പാത്തിൽ കെട്ടിക്കിടന്ന സംഭവവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.