നെടുമ്പാശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിൽ മുൻ ധാരണ പ്രകാരം കോൺഗ്രസ് അംഗം വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടൊപ്പം അംഗത്വവും രാജിവച്ചു. ഇതോടെ, ഇരുമുന്നണിയിലും അംഗബലം തുല്യനിലയിലായതോടെ ഭരണം പ്രതിസന്ധിയിലായി.
കോൺഗ്രസ് ‘ഐ’ ഗ്രൂപ്പിലെ സന്ധ്യ നാരായണപിള്ളയാണ് അംഗത്വം രാജിവച്ചത്. മുൻ ധാരണ പ്രകാരം മൂന്ന് വർഷത്തിന് ശേഷം ഐ ഗ്രൂപ്പിലെ ബിജി സുരേഷിന് വേണ്ടി 21ന് സന്ധ്യ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമായിരുന്നു. അതിനായി വ്യാഴാഴ്ച എം.എൽ.എയുടെ സാന്നിധ്യത്തിൽ പാർലമെന്‍ററി പാർട്ടി യോഗം നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സന്ധ്യ അംഗത്വവും രാജിവച്ചത്.
അതേസമയം, രാജിവക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ‘ടിക്’ ചെയ്യുന്നതിന് പകരം അബദ്ധത്തിൽ അംഗത്വ സ്ഥാനത്ത് ‘ടിക്’ ആയിപോയതാണെന്നും രാജിക്കത്തിൽ മറ്റൊരിടത്ത് ‘ടിക്’ ചെയ്തിട്ടില്ലെന്നും സൂചനയുണ്ട്. എന്നാൽ ‘ഐ’ ഗ്രൂപ്പിൽ തന്നെയുള്ള വനിത അംഗങ്ങൾ തമ്മിലെ രൂക്ഷമായ പോരാണ് അംഗത്വം രാജിവച്ച് ഭരണ പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണറിയുന്നത്.
19 അംഗങ്ങളുള്ള നെടുമ്പാശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒൻപത് സീറ്റുകൾ വീതമായിരുന്നു ലഭിച്ചത്. കോൺഗ്രസ് വിമതനായി വിജയിച്ച പി.വി. കുഞ്ഞിന് പ്രസിഡന്‍റ് സ്ഥാനം നൽകിയാണ് നെടുമ്പാശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം ആരംഭിച്ചത്. അതിനിടെ സന്ധ്യയുടെ രാജിക്കത്ത് ലഭിച്ചയുടൻ സെക്രട്ടറി നടപടി ആരംഭിച്ചെങ്കിലും രാജിക്കത്തിലെ കൈയബദ്ധവും പൂർണതയില്ലാത്തതും സന്ധ്യ അധികൃതരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.