നെടുമ്പാശ്ശേരി: എം.ഡി.എം.എയെ വെല്ലുന്ന രീതിയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ ഉപയോഗം കേരളത്തിൽ കൂടുന്നു. അടുത്തിടെ വിവിധ വിമാനത്താവളങ്ങളിലായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ബാഗേജിൽ വസ്ത്രങ്ങൾക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരമെന്ന് തോന്നുന്ന വിധത്തിലാണ് ഇത് പായ്ക്ക് ചെയ്ത് വെക്കുന്നത്. പ്രത്യേകതരം പേപ്പറുകളിട്ടാണ് പൊതിയുക. അതിനാൽ സ്ക്രീനിങ്ങിലും തിരിച്ചറിയില്ല. മലേഷ്യയിലും തായ്ലൻഡിലുമാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നത്. പ്രത്യേക ഊഷ്മാവിൽ കഞ്ചാവ് ചെടി പരിപാലിച്ചാണ് ഉൽപാദനം. അതിനുശേഷം സിന്തറ്റിക് പദാർഥങ്ങളുമായി കഞ്ചാവ് കൂട്ടിക്കലർത്തും.
രാജ്യാന്തര വിപണിയിൽ കിലോക്ക് അരക്കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. ഹൈബ്രിഡ് കഞ്ചാവിൽ സിന്തറ്റിക് രാസപദാർഥം കലർന്നിട്ടുണ്ടെങ്കിലും ഒരു കിലോക്ക് മുകളിൽ കൈവശം െവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് നിലവിൽ കേസെടുക്കാൻ കഴിയൂ. അതിനാൽ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്റെ ഗണത്തിൽപെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇവിടത്തെ കഞ്ചാവുമായി കൂട്ടിക്കലർത്തിയാണ് വിൽപന നടത്തുന്നത്. സമൂഹമാധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തിയാണ് വിപണനമെന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
വളരെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് മരണത്തിലേക്കും ഓർമ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയിലേക്കും ഇത് എത്തിക്കും. തായ്ലൻഡിലെത്തിയാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്നത്. അവിടത്തെ ചില സ്പാകൾക്കുസമീപം ഇത് ഉപയോഗിച്ചു നോക്കാനും പിന്നീട് വിലയ്ക്കുവാങ്ങാനും കഴിയുമെന്ന് പിടിയിലാകുന്നവർ മൊഴി നൽകിയിട്ടുണ്ട്. അടിക്കടി തായ്ലൻഡ് യാത്ര നടത്തുന്നവരെ നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.