കൊച്ചി വിമാനത്താവളത്തിലെ വേനൽക്കാല സമയക്രമമായി; ആഴ്ചയിൽ 1190 സർവിസ്

നെടുമ്പാശ്ശേരി: ഇന്ത്യയിൽനിന്ന് അന്താരാഷ്ട്ര സർവിസുകൾ 27ന് തുടങ്ങുന്ന സാഹചര്യത്തിൽ കൊച്ചിൻ ഇന്‍റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വേനൽക്കാല സമയപട്ടിക പ്രഖ്യാപിച്ചു. മാർച്ച്‌ 27 മുതൽ ഒക്ടോബർ 29 വരെയുള്ള സർവിസുകളാണ് പ്രഖ്യാപിച്ചത്. വേനൽക്കാല സമയപട്ടികയിൽ പ്രതിവാരം 1190 സർവിസുണ്ട്.

ഇത് പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽനിന്ന് 20 വിമാനക്കമ്പനികൾ രാജ്യാന്തര സർവിസുകൾ നടത്തും. ഇതിൽ 16 എണ്ണം വിദേശ വിമാനക്കമ്പനികളാണ്. ഇന്ത്യൻ വിമാനക്കമ്പനി ആയ ഇൻഡിഗോ ആണ് രാജ്യാന്തര സർവിസുകളിൽ മുന്നിൽ. ഇൻഡിഗോക്ക് ആഴ്ചയിൽ 42 പുറപ്പെടൽ സർവിസുണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസ് -38, എയർ ഏഷ്യ ബെർഹാദ് -21, ഇത്തിഹാദ് -21, എമിറേറ്റ്സ് -14, ഒമാൻ എയർ -14, ഖത്തർ എയർവേസ് -14, സൗദി എയർലൈൻസ് -14, കുവൈത്ത് എയർ 8, തായ് എയർ ഏഷ്യ -4, ശ്രീലങ്കൻ -10, ഗൾഫ് എയർ -7, ഫ്ലൈ ദുബൈ -3, സിംഗപ്പൂർ എയർലൈൻസ് -7, സ്‌പൈസ് ജെറ്റ് -6 എന്നിങ്ങനെയാണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവിസുകൾ. ദുബൈയിലേക്ക് മാത്രം ആഴ്ചയിൽ 44 വിമാനങ്ങളുണ്ടാകും. അബൂദബിയിലേക്ക്‌ 42, ലണ്ടനിലേക്ക്‌ 3, ബാങ്കോക്കിലേക്ക് 4 എന്നിങ്ങനെ പ്രതിവാര സർവിസുകൾ ഉണ്ട്‌. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് എയർ ഏഷ്യ ബെർഹാദ് ക്വാലാലംപുർ സർവിസ് നടത്തുന്നത്.

ആഭ്യന്തര വിമാന സർവിസുകളുടെ കാര്യത്തിലും പുതിയ വേനൽക്കാല സമയപട്ടികയിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക്‌ കൊച്ചിയിൽനിന്ന് വിമാനങ്ങൾ ഉണ്ടാവും. ആഴ്ചയിൽ ഡൽഹിയിലേക്ക് 63, മുംബൈയിലേക്ക്‌ 55, ഹൈദരാബാദിലേക്ക് 39, ചെന്നൈയിലേക്ക് 49, ബംഗളൂരുവിലേക്ക് 79, കൊൽക്കത്തയിലേക്ക് 7 എന്നിങ്ങനെ സർവിസുണ്ടാവും. തിരുവനന്തപുരം, കണ്ണൂർ, പുണെ, മൈസൂരു, ഹൂബ്ലി, അഗത്തി, അഹ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവിസുണ്ടാകും.

കോവിഡിനുമുമ്പ് പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ആയിരുന്നു കൊച്ചി. കോവിഡ് കാലഘട്ടത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നടത്തിയ പദ്ധതികൾ ദേശീയശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന്‍റെ ഫലമായി കഴിഞ്ഞ വർഷം 43 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2020നെ അപേക്ഷിച്ച് 10 ലക്ഷത്തോളം യാത്രക്കാരുടെ വർധനയാണ് 2021ൽ ഉണ്ടായത്.

Tags:    
News Summary - Summer schedule at Kochi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.