യുക്രെയ്ൻ: 168 മലയാളി വിദ്യാർഥികളെ ഡൽഹിയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി: യുക്രെയ്നിൽനിന്നു ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിക്കാൻ ചാർട്ടേഡ് വിമാനമൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 168 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ബുധനാഴ്ച രാത്രി 8.20നു കൊച്ചിയിൽ എത്തിച്ചു.

80 പെൺകുട്ടികളും 88 ആൺകുട്ടികളുമാണ് എത്തിയത്. ഇവർക്ക് സ്വദേശങ്ങളിലേക്കു മടങ്ങാൻ നോർക്കയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിരുന്നു.

വിദ്യാർഥികളെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദ്യാർഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോർക്ക റൂട്ട്‌സ് നിയോഗിച്ചിട്ടുണ്ട്. യുക്രെയ്നിൽനിന്ന് കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്.


ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 26 മുതൽ രാജ്യത്തേക്കെത്തുന്ന മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സൗജന്യമായാണു കേരളത്തിലേക്ക് എത്തിക്കുന്നത്. ന്യൂഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തുന്ന വിദ്യാർഥികളെ അവിടെനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.

യുക്രെയ്നിൽ നിന്നു മടങ്ങിയെത്തുന്ന വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ കേരള ഹൗസുകളിൽ നോർക്കയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കു വിശ്രമ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്തെ നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.


യുക്രെയ്നിലുള്ള കുട്ടികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ മുഖേന നേരിട്ടു ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രിമാർക്ക് പുറമെ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, നോർക്ക ഡപ്യൂട്ടി സെക്രട്ടറി (ഹോം ഓതന്റിഫിക്കേഷൻ ഓഫിസർ) ഡി. വിമൽ കുമാർ, നോർക്ക സെൻട്രൽ മാനേജർ കെ.ആർ. റജീഷ്, സിയാൽ ജനറൽ മാനേജർ (ഓപറേഷൻസ്) സി. ദിനേശ് കുമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.  


Tags:    
News Summary - Ukraine: 168 students arrived in Kerala on chartered flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.