എടവനക്കാട്: അണിയിൽ പടിഞ്ഞാറുള്ള സൂനാമി പുനരധിവാസ കോളനിവാസികൾക്കായി പുതിയ വീടുകൾ ഒരുങ്ങി. നേരത്തേയുണ്ടായിരുന്ന വീടുകൾ താഴേക്ക് ഇരുന്ന് വാസയോഗ്യമല്ലാതാകുകയും വെള്ളം കയറുന്നത് പതിവാകുകയും ചെയ്തതിനെ തുടർന്നാണ് മികച്ച രീതിയിൽ പുതിയ വീടുകൾ ഒരുക്കിയത്. സൂനാമി ദുരന്തത്തെ തുടർന്ന് വിവിധ ഏജൻസികൾ ദുരിത ബാധിതർക്കായി വൈപ്പിനിൽ വീടുകൾ നിർമിച്ചതിന്റെ ഭാഗമായാണ് അണിയിലിൽ 14 വീടുകൾ ഒരുക്കിയത്.
പഞ്ചായത്ത് ലഭ്യമാക്കിയ നികത്തു ഭൂമിയിലായിരുന്നു നിർമാണം. ഭൂമിക്ക് ഉറപ്പ് കുറവായതിനാൽ വൈകാതെ തന്നെ വീടുകൾ താഴേക്ക് ഇരുന്നു തുടങ്ങി. മലിനജലത്തിനൊപ്പം ശൗചാലയ മാലിന്യം അടക്കം വീടുകൾക്കുള്ളിൽ ഒഴുകിയെത്തുന്ന സാഹചര്യമായി. അന്തേവാസികൾ വിവിധ കേന്ദ്രങ്ങളിൽ പരാതികൾ നൽകിയെങ്കിലും ഫലപ്രദ നടപടിയൊന്നും ഉണ്ടായില്ല.
പിന്നീട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. ജോസഫ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെകട്ടറി എ.കെ. സരസൻ, പഞ്ചായത്ത് അംഗം വി.കെ. ഇക്ബാൽ, കോൺഗ്രസ് ഭാരവാഹി ജോയി കണക്കശേരി തുടങ്ങിയവർ ചേർന്ന് വിഷയം ഹൈബി ഈഡൻ എം.പിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
എം.പി സ്ഥലം സന്ദർശിക്കുകയും തണൽ പദ്ധതിയിൽപെടുത്തി പുതിയ വീടുകൾ നിർമിക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പാണ് നിർമാണച്ചുമതല ഏറ്റെടുത്തത്. എന്നാൽ, സ്ഥലത്തിന്റെ ഉറപ്പു കുറവുമൂലം പൈലിങ് വേണ്ടിവന്നത് തടസ്സമായി. തുടർന്ന് ടി.എ. ജോസഫിന്റെ നേതൃത്വത്തിൽ പൈലുകൾ സ്ഥാപിച്ച് സ്ഥലത്തിന്റെ ഉയരം വർധിപ്പിച്ചു. തറ പൂർത്തിയായ ശേഷം വീണ്ടും ജോലികൾ മുടങ്ങി. എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെ തുടർന്ന് ജോസഫ് തന്നെ നിർമാണച്ചുമതല ഏറ്റെടുത്തു.
ഇപ്പോൾ 14 വീടുകളുടെയും ജോലികൾ അവസാന ഘട്ടത്തിലാണ്. 537 ചതുരശ്രയടി വീതം വിസ്തീർണമുള്ള വീടുകളിൽ രണ്ട് മുറി, ഹാൾ, അടുക്കള എന്നിവയാണുള്ളത്. മുത്തൂറ്റ് ആഷി യാന ബിൽഡിങ് കോംപ്ലക്സ് എന്ന പേരിലുള്ള പുതിയ പാർപ്പിട സമുച്ചയത്തിന്റെ താക്കോൽ സമർപ്പണം 24ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.