കിഴക്കമ്പലം: പുലർച്ചയും രാത്രിയാത്രക്കും ബസില്ലാത്തത് യാത്രക്കാര്‍ക്ക് വിനയാകുന്നു. എറണാകുളം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്ന് രാത്രി ഒമ്പതിനുശേഷം പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം, കരിമുകൾ പ്രദേശങ്ങളിലേക്കാണ് ബസില്ലാത്തത്.
പുലർച്ച 6.30നുശേഷമാണ് ബസുകൾ ഓട്ടം ആരംഭിക്കുന്നത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ജോലിക്കും മറ്റും പോയിവരുന്നതിനും അകലങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതം. വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകള്‍ എന്നിവിടങ്ങളിലേക്ക് ആലുവ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രിയിറങ്ങുന്ന തൊഴിലാളികള്‍ക്ക് ബസ് കിട്ടാറില്ല. കൂടുതല്‍ തുക നൽകി ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് രാത്രി 10.50ന് ആലുവയില്‍നിന്ന് അമ്പലമുകളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തിയിരുന്നു. പുലർച്ച അഞ്ചുമുതൽ സർവിസ് ആരംഭിച്ചിരുന്നു. പിന്നീട് നിര്‍ത്തലാക്കി.
മൂവാറ്റുപുഴയില്‍നിന്ന് കലൂരിലേക്ക് ഇതുവഴി കൂടുതല്‍ കെ.എസ്.ആര്.ടി.സി സർവിസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ ഓടാനുള്ള പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. രാത്രി 9.30 വരെ ആലുവയില്‍നിന്ന് കിഴക്കമ്പലം വഴി സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് രാത്രിയാത്ര മുടക്കുകയാണ്. ബസ് വ്യവസായം നഷ്ടത്തിലാണെന്നും തൊഴിലാളികളെ കുറച്ചും ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവാക്കിയും തൽക്കാലം പിടിച്ചുനിൽക്കുകയാണെന്നുമാണ് ബസ് ഉടമകൾ പറയുന്നത്.
രാത്രികാല സർവിസുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയോ പുലർച്ചയും രാത്രിയും കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.