പറവൂർ: സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് മുൻ ഓഡിറ്റർ സർക്കാറിന് നൽകിയ പരാതിയിൽ ക്രിമിനൽ കേസ് എടുക്കാതെ പൊലീസ് പ്രതികളെ രക്ഷപ്പെടുത്താൻ നടത്തുന്ന നീക്കം വിവാദമാകുന്നു. 2020-21 ഓഡിറ്റിങ് കാലഘട്ടത്തിലാണ് കോടികളുടെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നത്. ആദായ നികുതി അടച്ചതിൽ നടന്ന ക്രമക്കേട്, പണയ സ്വർണാഭരണങ്ങൾ ലേല നടപടികൾ സ്വീകരിക്കാതെ സ്വകാര്യ സ്ഥാപനത്തിന് തൂക്കിവിറ്റത്, കോടതി അറ്റാച്ച്മെന്റ് ചെയ്ത വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് വാങ്ങാതെ കൂടുതൽ പണം വായ്പയായി പുതുക്കി നൽകൽ ഉൾപ്പെടെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സ്പെഷൽ റിപ്പോർട്ടായി ഓഡിറ്റർ സഹകരണ വകുപ്പിന് നൽകി.
എന്നാൽ, ജില്ല സഹകരണ ജോയന്റ് രജിസ്ട്രാറുടെയും സി.പി.എമ്മിലെ ചില പ്രബലരുടെയും ഇടപെടലുകളെത്തുടർന്ന് നടപടി സ്വീകരിക്കാൻ തയാറായി. തുടർന്ന് അന്നത്തെ ഓഡിറ്ററായിരുന്ന എൻ.ആർ. ഹേമലത സഹകരണ ജില്ല ജോയന്റ് ഡയറക്ടർ മുഖാന്തരം സ്പെഷൽ റിപ്പോർട്ടിൽ തുടർനടപടികൾ ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർക്ക് പരാതി നൽകിയത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ ഗൗരവം ബോധ്യമായ സഹകരണ രജിസ്ട്രാർ പരാതി ഡി.ജി.പിക്ക് കൈമാറി. അന്വേഷണത്തിനും തുടർനടപടികൾക്കുമായി താഴേക്ക് വന്ന പരാതി നിലവിൽ പറവൂർ പൊലീസിന്റെ കൈവശമാണ്. ഒരു മാസം മുമ്പ് കിട്ടിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല. ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കളിൽ പലരും കേസെടുത്താൽ പ്രതിപ്പട്ടികയിൽ വരുമെന്നതാണ് പൊലീസിനെ കേസെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നും പറയുന്നു.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മേൽ പറഞ്ഞ ഇടപാടുകളിൽ ബാങ്കിന് കോടികളുടെ നഷ്ടം വന്നതായും നിലവിലെ സെക്രട്ടറി കെ.എസ്. ജയശ്രീ, മുൻ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവർ ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ പരാതി തന്നെ ബാങ്ക് ഭരണസമിതി അംഗമായ അനിൽകുമാർ പറവൂർ പൊലീസിൽ നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. നീതിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.