പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പലതും പ്രവര്‍ത്തനരഹിതമാകാൻ കാരണം. നാലുവര്‍ഷം മുമ്പ്, കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് 20,77,511 ലക്ഷം മുടക്കി 41 കാമറകള്‍ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് ഇവ സ്ഥാപിച്ചത്. അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനും ഇത് സഹായകമായിരുന്നു. നഗരത്തില്‍ നടന്ന പല കുറ്റകൃത്യങ്ങളും കണ്ടെത്താനും പ്രതികളെ പിടികൂടാനും പൊലീസിന് ഉപകരിച്ചിരുന്നു.
എ.എം റോഡിലെ സിഗ്നല്‍ ജങ്ഷന്, ഗാന്ധി സ്ക്വയര്‍, താലൂക്ക് ആശുപത്രി പരിസരം, പച്ചക്കറി മാര്‍ക്കറ്റ് പരിസരം, പി.പി റോഡ്, എം.സി റോഡിലെ ഔഷധി ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും യാത്രിനിവാസിലും നഗരസഭ ഓഫിസിന് സമീപത്തും ഉൾപ്പെടെ കാമറ സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭ സെക്രട്ടറിയുടെ ഓഫിസിലെ മോണിട്ടറുമായി ബന്ധിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. നഗരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ മോണിട്ടറില്‍ വീക്ഷിക്കാനാകുമായിരുന്നു. തൃശൂരിലെ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് കാമറകള്‍ സ്ഥാപിച്ചത്. അവര്‍ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കുകയായിരുന്നു.
ഇതുസംബന്ധിച്ച് ഉടമ്പടി ഒപ്പുവെച്ചിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകനായ പി.കെ. നസീറിന് നഗരസഭയില്‍നിന്ന് നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു. കാമറകളില്‍ പലതും തുരുമ്പെടുത്ത നിലയിലാണ്. ആവശ്യമായ പരിപാലനം നടത്താത്തത് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ പിടിപ്പുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനി ഇവ പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.