പെരുമ്പാവൂര്‍: മേഖലയിൽ ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ സി.പി.എമ്മില്‍ ആരോപണങ്ങളും വെട്ടിനിരത്തലും ചര്‍ച്ചകളും സജീവം. ഏരിയ സെക്രട്ടറിയുടെ പ്രവര്‍ത്തനം മികച്ചതല്ലെന്ന ആരോപണം മിക്ക ബ്രാഞ്ചിലും ഉയര്‍ന്നു.
ഓഫിസ് സെക്രട്ടറിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമുണ്ടായി. ഏരിയ സെക്രട്ടറിയെ മാറ്റണമെന്ന അഭിപ്രായങ്ങള്‍ സമ്മേളനങ്ങള്ക്കുമുമ്പേ ഉയര്‍ന്നിരുന്നു. എന്നാല്‍, പകരം ആരെന്ന ഉത്തരം ആരോപണമുന്നയിക്കുന്നവര്ക്കുമില്ല. മുന്‍ഗണനയും യോഗ്യതയമുള്ളവരില് പലരും ആരോപണ വിധേയരാണെന്ന കാരണം ഉയരുമ്പോള്‍തന്നെ സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ഒരുഭാഗത്ത് നടക്കുന്നുവെന്നാണ് സൂചന.
കഴിഞ്ഞ സമ്മേളന സമയത്ത് ഏരിയ കമ്മിറ്റികളിലെ ആറുപേര്‍ നടപടികളുടെ ഭാഗമായി പുറത്തായിരുന്നു. ഇപ്പോള്‍ ഇവര്‍ അകത്താണ്. ഇവരെ എവിടെ കൊള്ളിക്കണമെന്നത് പ്രതിസന്ധിയാണ്. ഒരു കാലത്ത് ശത്രുക്കളായിരുന്നവര്‍ ഒറ്റക്കെട്ടായത് ഈ സമ്മേളന കാലയളവിലെ പ്രത്യേകതയാണ്. കഴിഞ്ഞ കാലങ്ങളിൽ പാര്‍ട്ടിയിലെ ജില്ലാ നേതാവിനെ എതിര്‍ത്തുനിന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെ കമ്മിറ്റികളില്‍ കയറിപ്പറ്റി.
പെരുമ്പാവൂരിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന പൊതുപ്രശ്നങ്ങളില്‍ പാര്‍ട്ടി ഇടപെടാത്തത് പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടു. പ്രാദേശിക തലത്തിലെ ഏറ്റക്കുറവുകള്ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പി.വി. അന്‍വര്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തള്ളിപ്പറഞ്ഞ സമയത്തായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങളുടെ തുടക്കം. പിന്നീട് നടന്ന സമ്മേളനങ്ങളില്‍ ഇതിന്റെ അലയൊലികളുണ്ടായി.
മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ യോഗങ്ങളില്‍ അന്‍വറിന് അനുകൂലമായ ശബ്ദങ്ങള്‍ ഉയര്‍ന്നത് നേതാക്കളെ വെട്ടിലാക്കി. ഭരണപക്ഷത്തുണ്ടായിരുന്ന എം.എല്‍.എ ഇങ്ങനെ പറയുമ്പോള്‍ അത് തള്ളിക്കളയാവുന്ന കാര്യമല്ലെന്നും ഗൗരവത്തോടെ എടുക്കണമെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി മാറുകയാണെന്നും മുഖ്യമന്ത്രിയുടെ ശൈലി സാധാരണക്കാരന് ഉള്ക്കൊള്ളാവുന്നതല്ലെന്നും അഭിപ്രായങ്ങളുയര്‍ന്നു.
സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് അവഗണനയാണെന്ന് ചില നേതാക്കള്‍ തുറന്നടിച്ചു. അടുത്ത ദിവസങ്ങളിലും ഇത്തരം ചർച്ചകൾ സജീവമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.