പെരുമ്പാവൂര്‍: പ്രധാന കവലകളിലെ പുറമ്പോക്കുകള്‍ ഒഴിപ്പിച്ച് വികസനവും വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നു. ഇതിനായി നിരത്ത്, പാലം, കെട്ടിടങ്ങള്‍ തുടങ്ങിയ വകുപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വല്ലം കവല, ഒക്കല്‍ ജങ്ഷന്, കുറിച്ചിലക്കോട് കവല എന്നിവിടങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കാനായി അടിയന്തരമായി സർവേ നടപടികള്‍ പൂര്‍ത്തിയാക്കും. കവലകളുടെ വികസനത്തിനുള്ള നടപടികളിലേക്ക് കടന്നതായും താലൂക്ക് സർവേയര്‍മാരായ എല്‍ദോസ്, മിനി എന്നിവര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും ചെറുകുന്നം എസ് വളവിലെ പുറമ്പോക്കുകള്‍ കണ്ടെത്താനുള്ള ജോലികള്‍ ഊര്‍ജിതമാക്കിയതായും ഭൂരേഖ തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന് അറിയിച്ചു.
പെരുമ്പാവൂര്‍-കൂവപ്പടി റോഡില്‍ വാച്ചാല്പാടം ഭാഗത്തെ മണ്ണ് നിരത്തല്‍ നടക്കുകയാണ്. തോട്ടുവ-നമ്പിള്ളി റോഡിന് സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. പെരുമ്പാവൂര്‍-രായമംഗലം റോഡ് ശബരിമല ഫെസ്റ്റിവല്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ രായമംഗലം റോഡ് ശബരിമല ഫെസ്റ്റിവല്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കി. നവകേരള സദസ്സ് ഫണ്ട് ഉപയോഗിച്ച് ഓണംകുളം-ഊട്ടിമറ്റം റോഡിന്റെ നവീകരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി. നിലവിൽ റോഡ് മെയിന്റനന്‍സ് കരാറില്‍ ഉള്‍പ്പെടുത്തി കേടുപാടുകള്‍ തീര്‍ക്കും. കുറുപ്പംപടി-കുറിച്ചിലക്കോട് റോഡ് ഈ മാസം ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ പണിയും. മൂവാറ്റുപുഴ-ഓടക്കാലി വഴി പാണിയിലേക്കുള്ള റോഡ് ടാറിങ്ങിലേക്ക് കടക്കുകയാണ്. ആലുവ-മൂന്നാര്‍ റോഡ് നാലുവരിയാക്കുന്നതിന്റെ അടുത്ത നോട്ടിഫിക്കേഷന്‍ നടപടികള്‍ തുടങ്ങുകയാണെന്നും എം.എല്‍.എ പറഞ്ഞു.
കാലടി പാലം, പോണേക്കാവ് പാലം, പുല്ലുവഴി ഡബിള്‍പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആലുവ-മൂന്നാര്‍ റോഡ്, കീഴില്ലം പാണിയേലിപ്പോര് റോഡ്, ഹില്‍ ഹൈവേ എന്നിവയുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.