പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
കുടിവെള്ള പ്രശ്നം നേരിടുന്ന വാര്‍ഡുകളിലെ ട്വൻറി20 പഞ്ചായത്ത് അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. വെള്ളം വേണമെങ്കില്‍ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത എം.എം റോഡ് കുത്തിപ്പൊളിക്കേണ്ടിവരുമെന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. പെരുമ്പാവൂരിലെ വാട്ടര്‍ ടാങ്കില്‍നിന്നാണ് പഞ്ചായത്തിലേക്ക് ജല അതോറിറ്റി കുടിവെള്ളം പമ്പ് ചെയ്യുന്നത്.
കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഒമ്പതുകോടി രൂപ അനുവദിക്കുകയും റോഡില്‍ പലയിടങ്ങളിലായി പുതിയ പൈപ്പുകള്‍ ഇറക്കിയിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബി.എം.ബി.സി നിലവാരത്തില്‍ പുനര്‍നിര്‍മിച്ച എ.എം റോഡ് വീണ്ടും കുത്തിപ്പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. അതേസമയം, റോഡ് പുനര്‍നിര്‍മാണത്തിന് മുമ്പേ പൈപ്പുകള്‍ കൊണ്ടുവന്നെങ്കിലും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയോ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമോ ഉണ്ടായില്ല.
പണി കഴിഞ്ഞയുടൻ പൈപ്പിടാനായി റോഡ് കുത്തിപ്പൊളിക്കുന്ന പണി അനുവദിക്കില്ലെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാടാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ പിന്നോട്ടുവലിക്കുന്നതെന്ന് എം.എല്‍.എ പറയുന്നു.
പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ വലിയകുളം, ഈച്ചരന്‍ കവല, കദളിക്കുന്ന്, ഊട്ടിമറ്റം എന്നിവിടങ്ങളില്‍ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ദിവസങ്ങളായി. അടിക്കടി പൈപ്പ് പൊട്ടുന്നതുകൊണ്ടാണ് വെങ്ങോലയില്‍ വെള്ളം കിട്ടാക്കനിയായി മാറുന്നതെന്നും ഇതിന് ഉത്തരവാദി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആണെന്നും ഇടതുപക്ഷ പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചിരുന്നു.
ജില്ല കലക്ടറുടെ ചേംബറില്‍ വെള്ളിയാഴ്ച പ്രശ്നത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരെയും പങ്കെടുപ്പിച്ച് ഇതിന് പരിഹാരം കാണുമെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷിഹാബ് പള്ളിക്കല്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്‍വര്‍ അലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷെമിത ഷെരീഫ്, പഞ്ചായത്ത് അംഗങ്ങളായ എന്‍.ബി. ഹമീദ്, പി.പി. എല്‍ദോസ്, പ്രീതി വിനയന്, വാസന്തി രാജേഷ്, എ.എം. സുബൈര്‍, ഷിജി എല്‍സണ്‍, നസീമ റഹീം, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ സിന്ധു സി. നായര്‍, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍മാരായ സിന്ധു ജോയ്, പി.എ. അബ്ദുല്‍ ഖാദര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ എം.വി. ഉഷസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.