പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ കാരാട്ടുപള്ളിക്കരയില്‍ ലഹരി ഉൽപന്നങ്ങളുടെ വില്‍പനയും സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാകുന്നു.
ഇവിടത്തെ കള്ളുഷാപ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നത്. യുവാക്കള്‍ ഇവിടെ തങ്ങി ലഹരി ഉപയോഗിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. എം.ഡി.എം.എപോലുള്ള മയക്കുമരുന്നുകളും കഞ്ചാവ്, കുത്തിവെക്കുന്ന ലഹരി വസ്തുക്കളും വില്‍പന നടത്തുന്നുണ്ട്. വൈകീട്ട് ആറ് കഴിഞ്ഞാല്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ ബൈക്കിലും കാറുകളിലുമായി ആളുകള്‍ എത്തുന്നു.
ഇതിലധികവും യുവാക്കളാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരെ വിരട്ടി ഓടിക്കുന്നത് പതിവാണ്. അടുത്തിടെ തുരുത്തിപറമ്പില്‍നിന്ന് വ്യാജകള്ള് പിടികൂടിയ സംഭവത്തില്‍ കാരാട്ടുപള്ളിക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് അടപ്പിച്ചിരുന്നു. ലഹരി വില്‍പനക്കാര്‍ എക്‌സൈസുകാരെത്തുമ്പോള്‍ സ്ഥലത്തിന് പിന്നിെല പാടം വഴി ഓടിമറയുകയാണ് പതിവ്. നാട്ടുകാര്‍ പൊലീസ്, എക്‌സൈസ് വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സ്വകാര്യ വ്യക്തി നികത്തിയെടുത്ത സ്ഥലത്താണ് സാമൂഹികവിരുദ്ധര്‍ ഒത്തുകൂടുന്നത്.
സ്ഥലത്തേക്കുള്ള പ്രവേശന കവാടം അടച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി എത്തുന്നവര്‍ ഗേറ്റിന് മുകളില്‍കൂടി ചാടി പ്രവേശിക്കുകയാണ്. ശല്യം രൂക്ഷമായതോടെ വീണ്ടും പരാതിയുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.