പെരുമ്പാവൂർ: കൊടികളും മുദ്രാവക്യങ്ങളും വാനിലുയർന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പെരുമ്പാവൂരില്‍ ആവേശമായി. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ പ്രവർത്തകരും നേതാക്കളും ബുധനാഴ്ച ഉച്ചമുതൽ കലാശക്കൊട്ടിനുള്ള തയാറെടുപ്പിലായിരുന്നു. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായിരുന്ന ബുധനാഴ്ച വാഹനങ്ങൾ രാവിലെ നഗരത്തിൽ തങ്ങാതെ ഗ്രാമപ്രദേശങ്ങളിലായിരുന്നു.
വൈകീട്ടോടെ കവലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വൈകീട്ട് മൂന്നോടെ അതത് പാർട്ടികളുടെ പ്രവർത്തകർ ടൗണിൽ കേന്ദ്രീകരിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ നേരത്തേ ഗാന്ധി സ്ക്വയറിൽ മുദ്രാവക്യങ്ങളും പ്രചാരണ വാഹനവുമായി നിലയുറപ്പിച്ചു. ബോയ്സ് ഹയർ സെക്കൻഡറിക്ക് സമീപത്തുനിന്ന് ഔഷധി ജങ്ഷൻ വഴി ഗാന്ധി സ്ക്വയർ ലക്ഷ്യമാക്കി നീങ്ങിയ യു.ഡി.എഫ് പ്രവർത്തകരുടെ ജാഥ കോടതി റോഡിലൂടെ കടന്നപ്പോൾ പൊലീസ് കച്ചേരിക്കുന്ന് വഴിയിലൂടെ എം.സി റോഡിലേക്ക് തിരിച്ചുവിട്ടു. സിഗ്നൽ ജങ്ഷന് വഴി അവരും എത്തിയതോടെ റോഡ് നിറഞ്ഞു. പിറകിൽ എൻ.ഡി.എ പ്രവർത്തകരും ജാഥയായി എത്തുകയായിരുന്നു. ഇതോടെ ഗാന്ധി സ്ക്വയറും പരിസരവും മൈതാന സമാനമായി.
അനൗസ്മെന്റ് വാഹനങ്ങളിൽനിന്ന് പാരഡി ഗാനങ്ങൾ ഉയർന്നതിനനുസരിച്ച് പ്രവര്‍ത്തകർ ചുവടുവെച്ചതോടെ ആവേശം അലതല്ലി. യു.ഡി.എഫിന്റെ പ്രചാരണ വാഹനത്തിന് മുകളിൽ കയറിയ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ ഇടക്ക് മൈക്കിൽ സംസാരിക്കാൻ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കൂകി തടസ്സപ്പെടുത്തിയതും കാണികളിൽ ചിരിപടർത്തി. ചില സമയങ്ങളിൽ ആവേശം അതിരുവിട്ടത് പൊലീസ് നിയന്ത്രിച്ചു. കൊട്ടിക്കലാശത്തിൽ മുന്തിനിന്നത് പാര്‍ട്ടികളുടെ കൊടികളായിരുന്നു. സി.പി.എമ്മിനൊപ്പമുള്ള ഘടകക്ഷികളുടെയും കോണ്‍ഗ്രസിനൊപ്പമുള്ള പാര്‍ട്ടികളുടെയും കൊടികൾ വാനിൽ ഉയര്‍ന്നു നിന്നപ്പോൾ ബി.ജെ.പിയുടെ താമര ചിഹ്നമുള്ള കൊടി റോഡിന്റെ ഒരുവശത്ത് ഒതുങ്ങിയ കാഴ്ചയായിരുന്നു. ഇതിനിടെ ട്വന്റി 20യുടെ കൊടി ഒന്നുപോലും കാണാനായില്ല.
അങ്കമാലി: അങ്കമാലി സെൻട്രൽ ജങ്ഷനിൽ അരങ്ങേറിയ കൊട്ടിക്കലാശം ആവേശക്കടലായി. ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ വാക്തർക്കങ്ങളും ഉന്തും തള്ളുമുണ്ടായതൊഴിച്ചാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കൊട്ടിക്കലാശത്തിന് പൊലീസ് മൂന്ന് മുന്നണികൾക്കും സ്ഥലം അനുവദിച്ചിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥനും എൻ.ഡി.എ സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണനും അങ്കമാലിയിലാണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. തുറന്ന വാഹനത്തിൽ പ്രഫ. സി. രവീന്ദ്രനാഥ് ചെങ്കൊടിവീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തത് ആവേശകരമായി. എം.എൽ.എമാരായ പി.വി. ശ്രീനിജിൽ, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, ബി.ഡി. ദേവസി, പി.സി. ചാക്കോ, ബാബു ജോസഫ് തുടങ്ങിയവർ അനുഗമിച്ചു. യു.ഡി.എഫ് പാളയത്തിൽ റോജി എം. ജോൺ എം.എൽ.എ യുവാക്കളെ ആവേശം കൊള്ളിച്ച റാലിയാണ് നയിച്ചത്. മുൻ എം.എൽ.എ പി.ജെ. ജോയി, നഗരസഭ ചെയർമാൻ മാത്യു തോമസ്, യു.ഡി.എഫ് നേതാക്കളായ ജോർജ് സ്റ്റീഫൻ, ബേബി വി. മുണ്ടാടൻ, ആന്റു മാവേലി, ടി.എം. വർഗീസ്, സെബി കിടങ്ങേൻ തുടങ്ങിയവർ അനുഗമിച്ചു. എൻ.ഡി.എ സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണനും തുറന്ന വാഹനത്തിലായിരുന്നു പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർഥിയെ അനുഗമിച്ച് വന്ന ബൈക്ക് റാലി എൻ.ഡി.എ സ്ഥാനാർഥിയുടെ വാഹനത്തിന് സമീപം നിർത്തി മുദ്രാവാക്യം മുഴക്കിയതും എതിർ മുദ്രാവാക്യം ഉയർന്നതും പരസ്പരം പോർവിളി ഉയർന്നതും പൊലീസിന്റെ സമയോചിത ഇടപെടൽമൂലം സംഘർഷ സാധ്യത ഒഴിവായി.
പള്ളിക്കര: വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായി കൊട്ടിക്കലാശം നടത്തി. യു.ഡി.എഫിന്റെ കൊട്ടിക്കലാശം പാടത്തിക്കര തുരുത്തിൽനിന്ന് ആരംഭിച്ച് പള്ളിക്കര മോറക്കാല വഴി പെരിങ്ങാലയിൽ സമാപിച്ചു. എൽ.ഡി.എഫ് പള്ളിക്കരയിൽനിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ പെരിങ്ങാലയിൽ സമാപിച്ചു.
കാലടി: ആവേശമില്ലാതെ കാലടിയിലെ കൊട്ടിക്കലാശം. ടൗണില്‍ എല്‍.ഡി.എഫും മറ്റൂരില്‍ യു.ഡി.എഫിനുമാണ് പൊലീസ് അവസാനഘട്ട പ്രചാരണത്തിന് സ്ഥലം അനുവദിച്ചത്. ഇരു പാര്‍ട്ടികളിലും പ്രവര്‍ത്തകര്‍ വളരെ കുറവായിരുന്നു. തണുത്ത പ്രതികരണമാണ് അണികള്‍ക്ക് ഉണ്ടായിരുന്നത്. ഇരുപാര്‍ട്ടികളിലും സംഘടന പദവികള്‍ വഹിക്കുന്നവര്‍പോലും കൊട്ടിക്കലാശത്തിന് എത്താതിരുന്നത് നേതൃത്വത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുവാക്കള്‍ നാമമാത്രമായാണ് ശബ്ദപ്രചാരണ സമാപനത്തിന് ഉണ്ടായിരുന്നത്. വീടുകള്‍ കയറി നോട്ടീസ് ഉള്‍പ്പെടെ നൽകാൻപോലും പ്രവര്‍ത്തകര്‍ ഇല്ലാത്ത അവസ്ഥയായതായി നേതാക്കള്‍ പറയുന്നു. എന്‍.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണ സമാപന പരിപാടികള്‍ കാലടിയില്‍ നടന്നില്ല. ബി.ഡി.ജെ.എസ് സ്ഥാനാർഥി ആയതിനാല്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടായില്ല.
കിഴക്കമ്പലം: ട്വന്റി 20യുടെ സ്ഥാനാർഥി ചാർളി പോളിന്റെ കലാശക്കൊട്ട് കോലഞ്ചേരിയിൽ സമാപിച്ചു. മറ്റു മുന്നണികൾ അങ്കമാലിയിൽ കലാശക്കൊട്ട് നടത്തിയപ്പോൾ കോലഞ്ചേരിയിലായിരുന്നു ട്വന്റി20 നടത്തിയത്. ഇലക്ഷൻ ഗാനങ്ങളും മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിലുയർന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലെ സ്റ്റേജിൽ നേതാക്കൾ സംസാരിച്ചു. പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പരിപാടിക്കെത്തിയതോടെ പ്രവർത്തകരുടെ ആവേശം വർധിച്ചു. സ്ഥാനാർഥി അഡ്വ. ചാർളി പോൾ, പാർട്ടി ചീഫ് ഇലക്ഷൻ ഏജന്റുമാരായ ഗോപകുമാർ, ജിബി എബ്രഹാം, കുന്നത്തുനാട് നിയോജകമണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് പ്രവർത്തകർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.