പെരുമ്പാവൂര്‍: എം.സി റോഡില്‍ മിനിലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. മുണ്ടക്കയത്തുനിന്ന് പാലക്കാട്ടേക്കുപോയ വാഹനവും പെരുമ്പാവൂരില്‍നിന്ന് മൂവാറ്റുപുഴക്കുപോയ എയ്സ് വാഹനവുമാണ് പുല്ലുവഴിയില്വെച്ച് കൂട്ടിയിടിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കേറ്റു. എയ്സിലെ ഡ്രൈവര്‍ തമ്പാന് വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ക്ലീനര്‍ പാതാളം സ്വദേശി വേല്മുരുകന് (19) പരിക്കുണ്ട്. അഗ്നിരക്ഷസേന വിഭാഗം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ കാബിന് മുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത്. കാല്‍മുട്ട് ഒടിഞ്ഞ് എല്ല് പുറത്തുവന്ന നിലയിലായിരുന്നു. എയ്സിന്റെ ബോഡി ഇടിയുടെ അഘാതത്തില്‍ വേര്‍പെട്ടു.
മറ്റേ വാഹനത്തിലെ ഡ്രൈവർ കാസര്‍കോട് സ്വദേശി കാസിം (25), ക്ലീനര്‍ സൈഫ് അലി (28) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പാവൂര്‍ അഗ്നിരക്ഷ നിലയം സ്റ്റേഷന് ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തില്‍ 10 അംഗ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ വാഹനാപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി കെ. രാധാകൃഷ്ണന്. ഔദ്യോഗിക യാത്രക്കിടെ വാഹനാപകടം കണ്ട് വാഹനം നിർത്തിയ മന്ത്രി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റും നാട്ടുകാരുടെ ശ്രമത്തിനൊപ്പം ചേർന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് പുല്ലുവഴിയില്‍ രണ്ട് മിനിലോറികൾ കൂട്ടിയിടിച്ചത്. ഈ സമയം തൊടുപുഴയില്‍നിന്ന് അങ്കമാലിക്കുപോയ മന്ത്രി അപകടംകണ്ട് വാഹനം നിർത്തിച്ച് ഇറങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാർക്കൊപ്പംകൂടി. പരിക്കേറ്റവരെ പൊലീസിന്റെ പൈലറ്റ് വാഹനത്തില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലേക്ക് വിട്ടു.
ഗുരുതര പരിക്കേറ്റയാളെ അപകടത്തില്‍പ്പെട്ട വാഹനത്തില്നിന്നെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.