പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് സ്കൂൾ വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ജനപ്രതിനിധികളും പെരുമ്പാവൂർ ഡിപ്പോ ഉദ്യോഗസ്ഥരും ചർച്ച നടത്തി. പേണാടൻ റഷീദിന്റെ മകൾ ഫർഹ ഫാത്തിമക്ക് വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ ബസിൽനിന്ന് തെറിച്ച് വീണ് തലക്ക് മാരകമായി പരിക്കേറ്റിരുന്നു. അപകട ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫിസ് ഉപരോധിച്ചിരുന്നു. ചികിത്സ ചെലവുകളും റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതും സംബന്ധിച്ചുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
നിലവിൽ ബസുകൾക്ക് ഇൻഷുറൻസില്ലാത്ത സാഹചര്യത്തിൽ പരിരക്ഷയുടെ ഭാഗമായി വിദ്യാർഥിനിക്ക് സഹായം ലഭിക്കാൻ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി ധാരണയുള്ളതായും അത് പ്രകാരം സഹായം ലഭിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക ചികിത്സ സഹായമായി ജീവനക്കാരിൽനിന്ന് ഫണ്ട് കലക്ഷൻ നടത്തി നൽകും. പുതുതായി ജീവനക്കാരെ ലഭിക്കുന്ന മുറക്ക് അഞ്ച് ബസുകൾ കൂടി ഈ റൂട്ടിൽ ഓടിക്കാൻ ശ്രമിക്കും.
തിങ്കളാഴ്ച മുതൽ മൂന്ന് ബസ് ഓടിക്കാൻ പത്തനംതിട്ട ഡിപ്പോയിൽനിന്ന് മൂന്ന് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും നിയമിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ചർച്ചയിൽ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാജിത നൗഷാദ്, ബ്ലോക്ക് മെംബർ ഷമീർ തുകലിൽ, ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷാജഹാൻ, ടി.എം. സാദിഖ്, കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ കെ.ടി. സെബി, അസി. ക്ലസ്റ്റർ ഓഫിസർ കെ.ജി. ജയകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.