പെരുമ്പാവൂര്‍: എ.എം റോഡ് അനധികൃതമായി വെട്ടിപ്പൊളിച്ച് കലുങ്ക് നിര്‍മാണം നടത്തി ഗതാഗത തടസ്സം ഉണ്ടാക്കിയ കരാറുകാരനെതിരെ പൊലീസ് കേസെടുത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യൂനിയന്‍ ബാങ്കിന് മുന്നിലാണ് കരാറുകാരന് റോഡിന്റെ മധ്യഭാഗം വരെ ആഴത്തില്‍ താഴ്ത്തി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതിയിലാക്കിയത്. അനുമതിയില്ലാതെയാണ് വെട്ടിപ്പൊളിച്ചതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധമുയര്‍ന്നു.
ഇതേ തുടര്‍ന്ന് കിടങ്ങ് മൂടിയെങ്കിലും നിലവില്‍ കുറേ ഭാഗം പൂര്‍ണമായി മൂടാതെ മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവായി. ലഹരി മാഫിയക്കെതിരെ പൊലീസ്, എക്സൈസ് വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും റോഡുകളിലെ അനധികൃത പാര്‍ക്കിങ്ങിനും ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടാക്കണമെന്നും യോഗം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
പൊലീസ്, ആരോഗ്യം, ട്രാഫിക്, വിദ്യാഭ്യാസം, പൊതുമരാമത്ത്, പി.വി.ഐ.പി, വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി, ഫോറസ്റ്റ്, റവന്യൂ, എംപ്ലോയ്മെന്റ്, കൃഷി, എസ്.സി വികസനം തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, എം.പിയുടെ പ്രതിനിധി എല്‍ദോ മോസസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, മുനിസിപ്പല്‍ ചെയര്മാന് ബിജു ജോണ്‍ ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. വര്‍ഗീസ്, സിന്ധു അരവിന്ദ്, സി.കെ. ഗോപാലകൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എം. അബ്ദുല്‍ കരീം, കെ.പി. ബാബു, ടി.പി. അബ്ദുല്‍ അസീസ്, ജോര്‍ജ് കിഴക്കുമശേരി, എന്‍.വി.സി. അഹമ്മദ്, ജെയ്സണ്‍ പൂക്കുന്നേല്‍ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.