പെരുമ്പാവൂര്‍: റോഡ് നിർമാണത്തിന്റെ പേരിൽ പൊതുമരാമത്ത് വിഭാഗം സ്ഥലം കൈയേറിയതായി പരാതി. പായിപ്ര-രായമംഗലം പഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കീഴില്ലം-മാനാറി റോഡിന്റെ വടക്കുഭാഗത്താണ് സ്ഥല ഉടമകളുടെ അനുവാദമില്ലാതെ പി.ഡബ്ല്യു.ഡി കുറുപ്പംപടി എ.ഇ.ഒയും കരാറുകാരനും ചേര്‍ന്ന് കൈയേറിയതായി പരാതി ഉയർന്നത്.
കഴിഞ്ഞ 18ന് രാത്രി 9.30ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയെന്നും സമീപത്തെ പ്ലൈവുഡ് കമ്പനി ഉടമയെ സഹായിക്കാനാണ് മണ്ണെടുത്തതെന്നും നാട്ടുകാരില്‍ ഒരാള്‍ പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ക്കും പൊലീസിനും നല്കിയ പരാതിയില്‍ പറയുന്നു.
റോഡിന്റെ വശത്തെ കരിങ്കല്‍ കെട്ട് പൊളിക്കുകയും ആഴത്തില്‍ മണ്ണ് നീക്കുകയും ചെയ്തു. മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ വിവരമറിയിക്കുകയോ ചെയ്യാതെ അതിക്രമിച്ചു കയറിയാണ് റോഡിന് വീതി കൂട്ടാനെന്ന പേരില്‍ വസ്തു കൈയേറിയത്. വ്യക്തമായ രേഖകളോടെ ആറുമീറ്റര്‍ വീതിയില്‍ ഇവിടെ റോഡിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്.
എന്നാല്‍, ഇത് മറികടന്ന് പ്ലൈവുഡ് കമ്പനിയിലേക്ക് അമിതഭാരം കയറ്റിയ കണ്ടെയ്നര്‍ ലോറികള്‍ക്ക് സഞ്ചരിക്കാൻ കൈയേറ്റം നടത്തിയതെന്നാണ് ആക്ഷേപം. കീഴില്ലം-മാനാറി റോഡ് വീതികൂട്ടുന്നതിന് മറ്റൊരു വകുപ്പിനും കൈമാറിട്ടിയില്ലെന്ന് പഞ്ചായത്ത് അംഗം അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.