പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്ത് 19ാം വാര്‍ഡില്‍ അറയ്ക്കപ്പടി മങ്കുഴി പുളിഞ്ചോടില്‍ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. നാഷനല്‍ ഹൈവേയുടെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു.
ജില്ല കലക്ടര്‍, മൈനിങ് ആൻഡ് ജിയോളജി, വില്ലേജ്, താലൂക്ക്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
മൈനിങ് ആൻഡ് ജിയോളജിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ ബെഞ്ച് അടിസ്ഥാനത്തിലാണ് ഖനനം ചെയ്യുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിബന്ധനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന രീതിയില്‍ 90 ഡിഗ്രി കട്ടിങ്ങുകള്‍ ഉണ്ടാക്കിയാണ് ഖനനം.
ഖനനം മൂലം പൊടി ശല്യവും ലോഡ് കയറ്റുന്ന വണ്ടികള്‍ ഇടതടവില്ലാതെ കടന്നുപോകുന്നതും ജനങ്ങള്‍ക്ക് ഭീഷണിയാണ്. 100 എച്ച്.പി എസ്കവേറ്ററുകള്‍ ഉപയോഗിക്കുന്നതിന് പകരമായി 220 എച്ച്.പി ഉള്ളവയും നാല് ടിപ്പര്‍ ലോറികള്‍ക്ക് പകരം 50ൽ പരം ടിപ്പര്‍ ലോറികളും ഉപയോഗിക്കുകയാണ്.
ഖനനം നടത്തുന്ന വസ്തുവിന്റെ അതിരുകളില്‍ നിന്നുള്ള ദൂരപരിധിയും പാലിക്കപ്പെട്ടിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.