പെരുമ്പാവൂര്‍: പമ്പുകളില്‍ ആവശ്യത്തിന് പെട്രോളും ഡീസലുമില്ലാത്തത് വിതരണത്തെ ബാധിക്കുന്നു. അഡ്വാന്‍സ് അടച്ചിട്ടും ഇന്ധനം ലഭിക്കാത്ത സ്ഥിതിയാണ്. ദിവസവും വിലവര്‍ധിക്കുന്നത് മുതലെടുത്ത് ടെമിനലുകളില്‍നിന്നുള്ള വിതരണം ഭാഗിമാക്കിയെന്നാണ് വിവരം. തലേദിവസം അഡ്വാന്‍സ് അടച്ച് ബുക്ക് ചെയ്താല്‍ പിറ്റേന്നുപോലും ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറയുന്നു.
ആദ്യകാലങ്ങളില്‍ ഒരു പമ്പിലേക്ക് മാത്രം ഒന്നും രണ്ടും ടാങ്കര്‍ ഇന്ധനം ലഭിച്ചിരുന്നു. ദിനംപ്രതി വില ഉയരുന്ന സാഹചര്യത്തില്‍ മിക്കപ്പോഴും ഒരു ടാങ്കര്‍ രണ്ട് പമ്പുകളിലേക്കാണ് അയക്കുന്നത്. 85, 80 പൈസ ഒരു ലിറ്ററിന് കൂടുമ്പോള്‍ ലക്ഷങ്ങളുടെ ലാഭമാണ് കമ്പനിക്ക് ലഭിക്കുക. വിലകൂടുമെന്ന വിവരം ഏജന്‍സികള്‍ക്ക് ലഭിക്കുമ്പോള്‍ സ്‌റ്റോക്കുള്ളത് പിടിച്ചുവെക്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പല പമ്പുകളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഇന്ധനം ഇറക്കിയ ശേഷമാണ് പണം അടച്ചിരുന്നത്. നിയന്ത്രണമില്ലാതെ വില കുതിച്ചതോടെ അഡ്വാന്‍സ് അടച്ചാലേ ഇറക്കുമതിയുള്ളൂ.
പെരുമ്പാവൂരിലെ സാധാരണ കച്ചവടമുള്ള ഒരു പമ്പില്‍ ദിവസം 5000 മുതല്‍ 15,000 ലിറ്റര്‍വരെ പെട്രോള്‍ വിറ്റഴിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും ക്ഷാമം നേരിടുമ്പോള്‍ പമ്പ് ഉടമകള്‍ക്കാണ് പഴി. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചാണെന്നാണ് പമ്പ് ഉടമകളുടെ വാദം. നിയന്ത്രണ വിധേയമാകാതെ വില വര്‍ധിക്കുമ്പോള്‍ പൂഴ്ത്തിവെക്കുന്നത് ഏജന്‍സികളാണെന്ന് ഇവര്‍ പറയുന്നു.
സ്റ്റോക്കുള്ള പമ്പുകള്‍ക്ക് വില വര്‍ധനയില്‍ നേരിയ ലാഭം ലഭിക്കുമെന്നത് തള്ളിക്കളയാനാവില്ല. ചില വന്‍കിട കമ്പനികളുടെ പമ്പുകള്‍ സ്റ്റോക് സൂക്ഷിക്കുകയും വിലവര്‍ധന മുന്നില്‍ക്കണ്ട് വിൽപന നിര്‍ത്തിവെക്കുന്നതും സാധാരണയാണ്. വേണ്ടത്ര പരിശോധനയും ബന്ധപ്പെട്ടവരുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായാല്‍ നിയന്ത്രിക്കാനാകും. രണ്ടു ദിവസത്തെ പണിമുടക്കില്‍ ടാങ്കറുകള്‍ ലോഡ് എടുക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ ക്ഷാമം നേരിടാനും വില വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.