പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴി ഡബിള്‍ പാലം ഒറ്റ പാലമാക്കി പുതുക്കി നിര്മക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. ഉത്തരവ് നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയാറാകാത്ത സാഹചര്യത്തില്‍ ഹരജിക്കാരനായ പരിസ്ഥിതി സംരക്ഷണ കര്‍മസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴിയാണ് ഹരജി സമര്‍പ്പിച്ചത്. പരിസ്ഥിതി സംരക്ഷണ കര്‍മസമിതി മുമ്പ് നല്കിയ ഹരജിയിലാണ് പാലം പുതുക്കിനിര്‍മിക്കാന്‍ കോടതി ഉത്തരവിട്ടത്.
2022 നവംബറില്‍ രണ്ടുമാസത്തിനുള്ളില്‍ പാലം പുനര്നിമിക്കാനുള്ള ഭരണാനുമതി നല്‍കണമെന്നും തുടര്‍ന്ന് ഒരുമാസത്തിനകം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കോടതി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിർദേശം നല്‍കിയിരുന്നു. ഈ ഭാഗത്ത് പെരുകിവരുന്ന അപകടങ്ങളുടെ അടിസ്ഥാനത്തിലാണ് അശാസ്ത്രീയമായ നിര്‍മാണത്തിനെതിരായ നിയമനടപടി ആരംഭിച്ചതെന്ന് പരാതിക്കാരന് പറഞ്ഞു. 10 വര്‍ഷത്തിനുള്ളിൽ ഇവിടെയുണ്ടായ 166 വാഹനാപകടങ്ങളില്‍ 27പേര് മരണപ്പെട്ടിരുന്നു. മുമ്പ് മനുഷ്യാവകാശ കമീഷന് നല്കിയ പരാതിയിലാണ് നിലവിലെ രണ്ടു പാലങ്ങളും ചേര്‍ത്ത് ഒറ്റ പാലമാക്കി പുനര്‍നിർമിക്കാനുള്ള നടപടി സ്വീകരിക്കാന്‍ 2019ല്‍ കമീഷന് ചെയര്മാന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയത്. മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് നടപ്പാക്കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി ഉത്തരവും നടപ്പാക്കാതായതോടെയാണ് നാലുവര്‍ഷത്തിനുശേഷം കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുന്നതെന്നും പരാതിക്കാരന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.