പെരുമ്പാവൂർ: മണ്ഡലകാലം ആരംഭിച്ചതോടെ മുന്നൊരുക്കമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ പട്ടണവും എം.സി റോഡിലെ താന്നിപ്പുഴ മുതല്‍ മണ്ണൂർ വരെയുള്ള പ്രധാന ജങ്ഷനുകളും ഗതാഗതക്കുരുക്കിലാകുമെന്ന് ആക്ഷേപം. ശനിയാഴ്ച രാവിലെ നഗരവും സമീപ സ്ഥലങ്ങളും കുരുക്കിലമര്‍ന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നിരയായിരുന്നു. ഇതിനിടെ ചെറുതും വലുതുമായ അപകടങ്ങളുണ്ടായി.
രാവിലെ എട്ടോടെ വല്ലം പുത്തന്‍പാലത്തിൽ ലോറി കാറിലിടിച്ചു. ഒമ്പത് മണിയോടെ മണ്ണൂർ അന്നപൂര്‍ണ ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ശബരിമല സീസൺ കണക്കിലെടുത്ത് തിരക്കുള്ള സ്ഥലങ്ങളിൽ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾ മുന്നൊരുക്കങ്ങൾ സ്വീകരിക്കാത്തതാണ് കുരുക്കിന് കാരണമെന്നും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.സി റോഡിന്റെ പല ഭാഗത്തും ഗതാഗതം നിയന്ത്രിച്ചത് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരായിരുന്നു. രാവിലെ വല്ലം ജങ്ഷനിൽ ഒരു ട്രാഫിക് വാര്ഡൻ മാത്രം ഗതാഗതം നിയന്ത്രിക്കുന്ന സമയത്താണ് പുത്തന്‍പാലത്തിൽ അപകടമുണ്ടായത്. ചെറിയ അപകടമായിരുന്നെങ്കിലും എപ്പോഴും തിരക്കുള്ള ജങ്ഷൻ ഇതിനിടെ വാഹനങ്ങളാൽ നിറഞ്ഞു. കഷ്ടിച്ച് കടന്നുപോകാവുന്ന ഇടങ്ങളിലൂടെയാണ് നിര പാലിക്കാതെ വലിയ വാഹനങ്ങൾ ഉൾപ്പെടെ പോയത്. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസ് ഇല്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ശബരിമല തിരക്ക് വരുന്നത്.
പ്രധാന ജങ്ഷനുകളിൽ ഒന്നിലധികം പൊലീസുകാരുടെ സേവനമില്ലെങ്കിൽ നിയന്ത്രണം താളംതെറ്റും. നിലവിലുള്ള ട്രാഫിക് പൊലീസുകാരുടെ സേവനമെങ്കിലും വിനിയോഗിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമുയരുന്നുണ്ട്. രാവിലെ രണ്ട് സ്ഥലങ്ങളിൽ അപകടമുണ്ടാകുകയും ഗതാഗതം താളംതെറ്റുകയും ചെയ്ത സമയത്ത് ഹൈവേ പൊലീസ് അറിഞ്ഞില്ലെന്നമട്ടിൽ കടുവാളിൽ വാഹന പരിശോധനയിലായിരുന്നു. എം.സി റോഡിലെ ഒക്കൽ, വല്ലം ചൂണ്ടി, ഔഷധി, സിഗ്നൽ, പുല്ലുവഴി, കീഴില്ലം തുടങ്ങിയ ജങ്ഷനുകളിൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്കും അപകടങ്ങളും വർധിക്കാൻ സാധ്യതയുണ്ട്. ശബരിമല തീർഥാടകരുടെ ഇടത്താവളമായ ടൗണിലെ ശ്രീധർമശാസ്ത ക്ഷേത്രം പരിസരമായ സിവിൽ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ നിറയും.
ഇവിടെ ആവശ്യമായ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രധാന റോഡ് വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു. എം.എൽ.എയും നഗരസഭ അധികാരികളും ഇടപെട്ട് ഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.