പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ മൗനം വെടിഞ്ഞ് സി.പി.എമ്മും രംഗത്തിറങ്ങി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ വെട്ടിപ്പ് നടന്നിട്ടും സി.പി.എം പ്രതികരിക്കാത്തതിനെതിരെ പാര്‍ട്ടിയില്‍നിന്നുപോലും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ഏരിയ കമ്മിറ്റി രംഗത്തിറങ്ങിയത്.
ഘടകകക്ഷിയായ എന്‍.സി.പി പ്രശ്നത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ബി.ജെ.പി തുടക്കത്തില്‍ ബാങ്കില്‍ ഉപരോധം സംഘടിപ്പിച്ചശേഷം ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സി.പി.എം നേതാവിന്റെ ഭാര്യ അടുത്തകാലം വരെ ബാങ്കില്‍ ജീവനക്കാരിയായിരുന്നു. ഇതുകൊണ്ടാണ് വിഷയത്തില്‍ പാര്‍ട്ടി ഇടാപെടാതിരുന്നതെന്ന മുറുമുറുപ്പ് ഇതിനിടെ ഉയര്‍ന്നു.
കോടികള്‍ തട്ടിയെടുത്ത യു.ഡി.എഫ് ഭരണസമിതി നേതാക്കളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകരുടെയും സഹകാരികളുടെയും പണം തിരികെനല്കാന് നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽകരീം സംസ്ഥാന സര്‍ക്കാറിനോടും സഹകരണ വകുപ്പിനോടും ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഭരണം കൈയാളുന്ന യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും സമുന്നത നേതാക്കളുടെ വെട്ടിപ്പും ക്രമക്കേടും സംബന്ധിച്ച് രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത്, പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്കാന് നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, ലീഗ് നേതാക്കൾ ചേർന്ന് കോടികളുടെ ബാധ്യതയാണ് ബാങ്കിന് വരുത്തിവെച്ചിരിക്കുന്നത്.
ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ 33,33,87,691 കോടിയാണ് പിഴയായി അടക്കാന്‍ ഉത്തരവായിട്ടുള്ളതെന്ന് വിവരാവകാശ രേഖകളിലൂടെ വ്യക്തമാകുന്നതായി ഏരിയ സെക്രട്ടറിയുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. 92 കോടി നിക്ഷേപമുള്ള ബാങ്കില്‍ വായ്പ 52 കോടി മാത്രമാണെന്നും 65.86 കോടി രൂപ നഷ്ടമാണെന്നുമാണ് 2021-22 ലെ ഓഡിറ്റ് റിപ്പോര്‍ട്ട്.
വായ്പ ഇനത്തില്‍ കാണിക്കുന്ന 52 കോടിയില്‍ പലതും വ്യാജ വായ്പകളാണ്. ഒരേ വസ്തു പണയപ്പെടുത്തി നിരവധി വായ്പകള്‍ വ്യാജമായി എടുത്തു. ഒരിക്കല്‍പോലും ബാങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലാത്ത ചില അംഗങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി ലക്ഷങ്ങളും കോടികളും വായ്പ എടുത്തതായും ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.