പെരുമ്പാവൂര്‍: പല കാരണങ്ങളാൽ മലയാള ഭാഷ പഠനരംഗത്ത് പിന്നാക്കം പോയ വിദ്യാര്‍ഥികള്‍ക്കായി തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ആരംഭിച്ച ‘ചുവട്’ പദ്ധതി ശ്രദ്ധേയമാകുന്നു. 2023-’24 അധ്യയന വര്‍ഷത്തിലാണ് മാതൃഭാഷ പഠനത്തില്‍ ഒരു വിദ്യാര്‍ഥി പോലും പുറകോട്ട് പോകരുതെന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് രൂപം നല്‍കിയത്. നാലാം തരത്തില്‍ നിന്ന് യു.പി തലത്തിലേക്ക് കടക്കുന്ന വിദ്യാർഥി 30 വ്യവഹാര രൂപങ്ങള്‍ പഠിക്കണമെന്നിരിക്കേ ഒട്ടനവധി പേർ പരാജയപ്പെടുന്ന സാഹചര്യമായിരുന്നു.
ഇതിന് പരിഹാരമായി സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍, ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്ക് മനസിലാകുന്നതിന് ചിത്രക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് പഠന രീതി. ഇതിലൂടെ വിദ്യാര്‍ഥികളുടെ പോരായ്മകള്‍ പരിഹരിക്കാനാകുമെന്ന് കോഓഡിനേറ്റര്‍ കെ.എ. നൗഷാദ് പറഞ്ഞു. ഇതിനായി അഞ്ചാം ക്ലാസിലെ ഏഴ് ഡിവിഷനിലെയും 250 കുട്ടികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തി. പിന്നാക്കം നിന്ന 168 പേരെ കണ്ടെത്തി പ്രത്യേക പഠന സിലബസ് തയാറാക്കി. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം. നൗഫല്‍ അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും പ്രത്യേക മോഡല്‍ ക്ലാസുകള്‍ തയാറാക്കി.
ഓരോ ദിവസത്തെയും പഠനഭാഗങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തും പഠന പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കി. കുട്ടികള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 40 മിനിറ്റ് പ്രത്യേക ടൈംടേബിള്‍ നിശ്ചയിച്ച് ക്ലാസുകള്‍ നല്കി. 10 മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കി ആദ്യ പരിശോധന കഴിഞ്ഞപ്പോള്‍ 68 കുട്ടികള്‍ പൂര്‍ണമായും ഭാഷാശേഷി കൈവരിച്ചവരായി മാറി. ഇതിന്റെ വിജയ പ്രഖ്യാപനം നടത്തിയത് എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ പി.ആര്. ദീപ ദേവിയാണ്. സ്കൂള്‍ മാനേജര്‍ പി.എ. മുഖ്താര്‍, ഹെഡ്മിസ്ട്രസ് വി.എം. മിനിമോള്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.