പെരുമ്പാവൂര്‍: നഗരത്തിലെ പ്രധാന വണ്‍വേ റോഡ് തകര്‍ന്നതോടെ യാത്ര ദുരിതമായി മാറി. കാലടി ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ ഔഷധി ജങ്ഷന് മുമ്പ് വണ്‍വേ തിരിഞ്ഞുപോകുന്ന ജി.കെ. പിള്ള റോഡും ലൈബ്രറി റോഡുമാണ് തകര്‍ന്നത്. ബസ് ഒഴികെ ഭാരവാഹനങ്ങള്‍ എ.എം റോഡിലേക്ക് തിരിച്ചുവിടുന്ന റോഡുകളാണിത്. ജി.കെ. പിള്ള റോഡിന്റെ തുടക്ക ഭാഗം അടുത്തിടെ കട്ടവിരിച്ച് നന്നാക്കിയിരുന്നു. എന്നാല്‍, കുറച്ചുപിന്നിടുമ്പോള് നിറയെ വലിയ കുഴികളാണ്. ടാറും കല്ലുകളും ഇളകി മഴവെളളം കെട്ടി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. റോഡ് അവസാനിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പർ മാര്‍ക്കറ്റിന് സമീപത്തും കുഴികളാണ്. ഇവിടെ നിന്ന് വാഹനങ്ങള്‍ ലൈബ്രറി റോഡിലേക്ക് കടക്കുന്ന ഗവ. ഹോമിയോ ഡിസ്പെന്‍സറിക്കും ലൈബ്രറിക്കും സമീപവും കോണ്‍ക്രീറ്റ് കട്ടകള്‍ പൊളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് നഗരസഭയുടെ മേല്‍നോട്ടത്തില്‍ കട്ടവിരിച്ച ഭാഗമാണ് തകര്‍ന്നത്.
പണിത ഉടൻ കട്ടകള്‍ പൊളിഞ്ഞത് അന്ന് പ്രതിഷേധത്തിനിടെയായതിനെ തുടര്‍ന്ന് വീണ്ടും നന്നാക്കിയ ഭാഗമാണ് തകര്‍ന്നതെന്ന് ആക്ഷേപമുണ്ട്. അശാസ്ത്രീയ നിര്‍മാണമാണ് തകര്‍ച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരിങ്കല്ല് ഉൽപന്നങ്ങള് ഉൾപ്പെടെ കയറ്റിയ ഭാരവാഹനങ്ങളാണ് ജി.കെ. പിള്ള റോഡിലൂടെയും ലൈബ്രറി റോഡിലൂടെയും കടന്നുപോകുന്നത്. ഇതാണ് റോഡ് തകരാന്‍ കാരണം. അമിത ഭാരം താങ്ങാന്‍ ബലമില്ലാത്ത 40 എം.എം കട്ടകളാണ് നിരത്തിയിരിക്കുന്നത്. മാത്രവുമല്ല കട്ട വിരിക്കുന്നതിന് മുമ്പ് പ്രതലം ബലപ്പെടുത്താത്തതും പ്രതിസന്ധിയാണ്. പ്രതലം ഉറപ്പിച്ച ശേഷം 60 എം.എം കട്ടകള്‍ നിരത്തിയാല്‍ റോഡ് തകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ കരാറുകാരന് ലാഭം മാത്രം പ്രതീക്ഷിച്ച് ജോലി ചെയ്തതും റോഡിന്റെ നിലനില്പിനെ ബാധിച്ചിട്ടുണ്ടെന്ന് ഇവിടത്തെ വ്യാപാരികള്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.