പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി. തോപ്പുംപടി മുണ്ടംവേലിപ്പാലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ആന്റണി അഭിലാഷിനെയാണ് (27) പെരുമ്പാവൂര്‍ പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പോഞ്ഞാശ്ശേരി കനാല്‍ ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ബൈക്കില്‍ പിന്തുടര്ന്ന് ഓട്ടത്തിനിടയില്‍ സ്കൂട്ടര്‍ തള്ളിവീഴ്ത്തി പരിക്കേല്പിച്ച് മാല കവരുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക ടീം പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കകം പെരുമ്പാവൂര്‍ ടൗണില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മാല ഇയാളുടെ പോക്കറ്റില്‍നിന്ന് കണ്ടെടുത്തു. മാല പൊട്ടിക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ വെള്ളിയാഴ്ച നോര്‍ത്ത് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുനിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു.
കുറുപ്പംപടിയില്‍ മാല പൊട്ടിക്കല്‍, പുത്തന്‍കുരിശ്, ചേര്‍ത്തല, കുന്നത്തുനാട് എന്നിവിടങ്ങളില്‍ ബൈക്ക് മോഷണം അടക്കം ഇയാള്‍ നടത്തിയിട്ടുണ്ടെന്നും 2019ല്‍ മയക്കുമരുന്ന് കേസില്‍ ഒരുവര്‍ഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, സബ് ഇന്‍സ്പെക്ടര്‍ പി.എം. റാസിഖ്, അസി. സബ് ഇന്‍സ്പെക്ടര്‍ പി.എ. അബ്ദുല്‍ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.