പെരുമ്പാവൂർ: കോവിഡ് ലോക്ഡൗൺകാലത്ത് അൽപം കൃഷിയിലേക്ക് തിരിഞ്ഞ ബാബുവിനും വീട്ടുകാർക്കും ഇത് മധുരംനിറഞ്ഞ മുന്തിരിക്കാലം. മുടിക്കലിലെ വഞ്ചിനാട് ജങ്ഷനിൽ മൂക്കട സജിത് അലിയാർ എന്ന ബാബുവിെൻറ വീട്ടിലാണ് റോസ് മുന്തിരി വിളഞ്ഞത്. ''മണ്ണുത്തി കാർഷിക നഴ്സറിയിൽനിന്ന് കൊണ്ടുവന്ന് നട്ടതാണ് രണ്ട് മുന്തിരിത്തൈകൾ.
ആദ്യം മണ്ണിൽപിടിച്ചെങ്കിലും പിന്നീട് മഴയിൽ മുഴുവൻ ഇലയും കൊഴിഞ്ഞ് നശിച്ചുപോയി. അവയിൽ ബാക്കിയായ തണ്ടിനെ സംരക്ഷിച്ചതിെൻറ ഫലമാണ് ഇക്കാണുന്ന മുന്തിരിക്കുലകൾ'' -നിറച്ചുകായ്ച്ച് വിളഞ്ഞുതുടങ്ങിയ മുന്തിരിത്തോപ്പിൽനിന്ന് ബാബു പറയുന്നു. വീടിനോട് ചേർന്നുതന്നെ പന്തലിട്ടാണ് വളർത്തിയത്. ഒരുവർഷം മുമ്പുള്ള മഴയിലെ അനുഭവംകൊണ്ട് ഇത്തവണ മഴ കൊള്ളാതെ ഷീറ്റിട്ട് കൊടുത്തിരുന്നു. കപ്പലണ്ടിപ്പിണ്ണാക്കും ചാണകവും എല്ലുപൊടിയുമൊക്കെയാണ് ആദ്യം വളമായി നൽകിയത്.
പിന്നീട് ഇറച്ചി കഴുകിയ വെള്ളവും തണുത്ത വെള്ളവുമൊക്കെ ഒഴിച്ചുകൊടുത്തതോടെ മുന്തിരി ഉഷാറായി. കുലകുത്തി മുന്തിരികൾ വിളഞ്ഞതോടെ കാണാനും ഹരമായി. ബാബുവിെൻറ ഭാര്യ ഷെബീനയാണ് കൂടുതലും പരിപാലനം. മക്കളായ ഹൈസാനും ഫർഹയും ഫർദാനും ഫർസാദും കൂട്ടുനിന്നു. പക്ഷികൾ കൊണ്ടുപോകാതിരിക്കാൻ കവറിട്ട് കുലകളെ കാത്തു. മുന്തിരികൾ പാകമായതോടെ ഇപ്പോൾ കാഴ്ചക്കാരും ഏറി. അടുത്ത ദിവസങ്ങളിലായി മുന്തിരി പറിച്ച് ചുറ്റുമുള്ളവർക്ക് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.