പെരുമ്പാവൂർ: പെരിയാർ നദി കടന്നെത്തുന്ന കാട്ടാനകളുടെ ശല്യംമൂലം പൊറുതിമുട്ടിയ കൂവപ്പടി പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയായ നെടുമ്പാറ, താളിപ്പാറ നിവാസികൾ പണപ്പിരിവ് നടത്തി സൗരോർജ വേലി സ്ഥാപിച്ചു. 102 വീട്ടുകാരിൽനിന്ന് പിരിവെടുത്ത് രണ്ടുലക്ഷം ചെലവഴിച്ച് രണ്ടു ഘട്ടങ്ങളിലായി 1.2 കിലോമീറ്റർ വേലിയാണ് നിർമിച്ചത്.
പെരിയാർ തീരത്തെ വനാതിർത്തിയോട് ചേർന്ന സ്വകാര്യ കൃഷിയിടങ്ങളിലൂടെ 10 അടി ഉയരത്തിൽ 1.2 കിലോമീറ്റർ കമ്പി വലിച്ചുകെട്ടി ഇതിൽ എട്ട് അടി തൂങ്ങിക്കിടക്കുന്ന തരത്തിലാണ് വേലി.
2019 മുതലാണ് പാണംകുഴിക്ക് ചേർന്നു കിടക്കുന്ന കപ്രിക്കാട് തേക്ക് തോട്ടത്തിലേക്ക് കാട്ടാനകൾ എത്തിത്തുടങ്ങിയത്. തോട്ടത്തിലെ പനകൾ ഇവയുടെ ഇഷ്ടഭക്ഷണമാണ്. തുടർന്ന് വനാതിർത്തിയോട് ചേർന്നു കിടക്കുന്ന താളിപ്പാറ, നെടുമ്പാറ, കപ്രിക്കാട്, മേഖലകളിലെ കൃഷിയിടങ്ങളിൽ ഇറങ്ങി തെങ്ങ്, കമുക്, വാഴ, കപ്പ, പൈനാപ്പിൾ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ഇതിനിടെ താളിപ്പാറയിലെ സ്വകാര്യ ഭൂമിയിലെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു.
വർഷങ്ങളായുള്ള വന്യജീവി ശല്യത്തിനെതിരെ നാട്ടുകാർ മുറവിളി ഉയർത്തിയിട്ടും വനം വകുപ്പിന്റെ ഭാഗത്തനിന്ന് നടപടി ഉണ്ടാവാത്തത് വൻ പ്രതിഷേധത്തിന് കാരണമായി. കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യംമൂലം നിരവധി കൃഷിയിടങ്ങളും കൃഷികളും പൂർണമായും നശിച്ചു. മേഖലയിലെ ജനങ്ങൾ ഇതോടെ പല കൃഷികളും ഉപേക്ഷിച്ചു. ചിലർ കാട്ടാന ശല്യംമൂലം വീടൊഴിഞ്ഞ് വാടകവീടുകളിലേക്ക് മാറി. ഓരോ ദിവസവും പെരിയാർ നദി കടന്നെത്തുന്ന കാട്ടാനക്കൂട്ടം മേഖലയിൽ ഭീതിപടർത്തുകയാണ്.
നാലര കിലോമീറ്റർ നീളവും 300 മീറ്റർ വീതിയുമുള്ള തേക്ക് പ്ലാന്റേഷന്റെ അതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ അഞ്ചുനിര സൗരോർജ വേലിയോ അല്ലെങ്കിൽ നാലര കിലോമീറ്റർ ട്രഞ്ച് നിർമാണമോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.