കൊച്ചി: നഗരത്തിലെ നടപ്പാതകളിലെ കുഴികൾ മൂന്നാഴ്ചക്കകം അടയ്ക്കുമെന്ന നഗരസഭ സെക്രട്ടറിയുടെ വാക്ക് പാഴ്വാക്കായതോടെ കോടതിയുടെ ഇടപെടൽ. നടപടികൾ ഇനിയും വൈകിയാൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നിയമ നടപടികളടക്കം സ്വീകരിക്കുമെന്ന് ഹൈകോടതിയുടെ അന്ത്യശാസനം.
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹരജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പനമ്പിള്ളി നഗറിലെ പാതയോരത്ത് തുറന്നുകിടന്ന കാനയിലേക്ക് കുട്ടി വീണ സംഭവത്തിൽ ഹൈകോടതി നിർദേശത്തെത്തുടർന്ന് നേരിട്ട് കോടതിയിൽ ഹാജരായ നഗരസഭ സെക്രട്ടറി മൂന്നാഴ്ചക്കകം ഇവയൊക്കെ മൂടുമെന്ന് ഉറപ്പുനൽകിയിരുന്നു. നവംബർ 18നാണ് നഗരസഭ സെക്രട്ടറി ഈ ഉറപ്പുനൽകിയത്.
എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രശ്നസാധ്യതയുള്ള മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി ഉടനുണ്ടാകുമെന്നും നഗരസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ഒരവസരംകൂടി നൽകുകയാണെന്നും വീഴ്ചയുണ്ടായാൽ കോടതിയലക്ഷ്യ നടപടി അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അന്ത്യശാസനം നൽകിയത്.
നഗരത്തിലെ ഫുട്പാത്തുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. സ്വകാര്യബസുകളുടെ അപകടകരമായ രീതിയിലുള്ള ഓട്ടം സംബന്ധിച്ച പരാതികളിൽ കർശന നടപടിയെടുക്കാനും കോടതി പൊലീസിന് നിർദേശം നൽകി.
ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിക്ക് നൽകാനും ഡെപ്യൂട്ടി പൊലീസ് കമീഷണറോട് നിർദേശിച്ചു. തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷനിൽ അടുത്തിടെ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചതും പേട്ട ഗാന്ധി സ്ക്വയറിന് സമീപം കുഴിയുള്ളതും ചൂണ്ടിക്കാട്ടിയ ഹൈകോടതി റോഡിന്റെ തകർച്ച പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. റോഡുകളുടെ ശോച്യാവസ്ഥയെത്തുടർന്നുള്ള അപകടങ്ങളിൽ ബന്ധപ്പെട്ട എൻജിനീയർമാർക്ക് വ്യക്തിപരമായി ഉത്തരവാദിത്തം ചുമത്തുമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ അത്തരം നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതുമൂലം റോഡുകൾ നന്നാക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന് ഹൈകോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.