പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നഗരത്തിലെ വിവിധയിടങ്ങളിൽ കർശന ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി.

രാവിലെ എട്ടുമുതൽ 9.40 വരെ ഐലൻഡിലേക്ക് ഒരു വാഹനവും അനുവദിക്കില്ല. രാവിലെ എട്ടുമുതൽ 12 വരെ പശ്ചിമ കൊച്ചി ഭാഗങ്ങളിലും നഗരത്തിൽ പലയിടങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി.

രാവിലെ എട്ടുമുതൽ 11.30 വരെ കുണ്ടന്നൂർ ഭാഗത്തുനിന്നും കുണ്ടന്നൂർ പാലം വഴി തേവര ഫെറി ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. രാവിലെ എട്ടുമുതൽ 11.30 വരെ ബി.ഒ.ടി പാലം, കണ്ണങ്ങാട്ട്പാലം, പഴയ ഹാർബർ പാലം എന്നിവിടങ്ങളിൽനിന്ന് എറണാകുളം ഭാഗത്തേക്കും കുണ്ടന്നൂർ ഭാഗത്തേക്കും പള്ളിമുക്ക് ജങ്ഷനിൽനിന്ന് തേവര ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല.

എം.ജി റോഡ് വഴി തേവര ഫെറി ഭാഗത്തേക്കും പശ്ചിമ കൊച്ചി ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ പള്ളിമുക്ക് ജങ്ഷനിൽനിന്നും സഹോദരൻ അയ്യപ്പൻ റോഡ് വഴി തിരിഞ്ഞുപോകണം. രാവിലെ എട്ടുമുതൽ 8.30 വരെ പണ്ഡിറ്റ് കറുപ്പൻ റോഡിൽ പൂർണമായി ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

ഇതുപ്രകാരം ജനങ്ങൾ യാത്രാ സമയങ്ങൾ ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. വി.വി.ഐ.പി കടന്നുപോകുന്ന റൂട്ടിൽനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടവർ യാത്ര മുൻകൂട്ടി ക്രമപ്പെടുത്തേണ്ടതും എറണാകുളം സിറ്റിയിൽനിന്നും പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾക്ക് വൈപ്പിൻ ജങ്കാർ സർവിസ് ഉപയോഗപ്പെടുത്താവുന്നതുമാണ്.

പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയങ്ങളിൽ അവരവരുടെ വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

Tags:    
News Summary - Prime Minister's visit Traffic control in the city today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.