ഫോർട്ട്കൊച്ചി: പ്രതിഷേധം ശക്തമായതോടെ ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കല്ല് പാകുന്നത് താൽക്കാലികമായി നിർത്തിവെച്ചു.ആയിരങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈതാനം സ്മാർട്ട് മിഷന്റെ നേതൃത്വത്തിൽ കല്ല് പാകി നവീകരിക്കുന്നതിനെതിരെ പരേഡ് ഗ്രൗണ്ട് സംരക്ഷണസമിതി രൂപവത്കരിച്ച് പ്രതിഷേധ സമരങ്ങളുമായി നാട്ടുകാർ മുന്നോട്ട് പോകവെയാണ് നടപടി.
കല്ല് വിരിക്കൽ നിർത്തി മൈതാനം പൂർവസ്ഥിതിയാലാക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതി കലക്ടർ, മേയർ, സബ്കലക്ടർ. ആർക്കിയോളജി ഡിപ്പാർട്മെന്റ്, പൈതൃക കമീഷന് സി.എസ്.എം.എല്‍ അധികൃതർ എന്നിവർക്ക് പരാതി നല്‍കിയിരുന്നു.
ഇതിനിടെ സംസ്ഥാന കായിക വകുപ്പും പ്രശ്നത്തെക്കുറിച്ച് ആരാഞ്ഞിരുന്നു.സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമാക്കിയതോടെ സി.എസ്.എം.എൽ അധികൃതർ കൂടുതൽ ജോലിക്കാരെ നിയോഗിച്ച് ജോലികൾ വേഗത്തിലാക്കിയിരുന്നു.
ഇത് പ്രതിഷേധത്തിന് മൂർച്ചകൂട്ടി. വെള്ളിയാഴ്ച രാവിലെ ജോലികൾ നാട്ടുകാർ തടയുകയും ചെയ്തു. കളിസ്ഥലത്ത് കല്ലുവിരിച്ച് യുവതലമുറയുടെ കായിക ഭാവി ഇല്ലാതാക്കുന്ന നടപടിക്കെതിരെ കൊച്ചിയിൽനിന്നുള്ള അന്തർദേശീയ കായികതാരങ്ങൾ ചേർന്ന് മനുഷ്യച്ചങ്ങല്ല തീർക്കാൻ ഒരുങ്ങവെയാണ് സി.എസ്.എം.എല്‍ അധികൃതർ സമരക്കാരുമായി ചർച്ച നടത്താൻ തയാറായത്.
പ്രോജക്ട് എക്സിക്യൂട്ടിവ് ഓഫിസർ അശ്വതി ഗ്രൗണ്ടില്‍ നേരിട്ടെത്തി പരേഡ് ഗ്രൗണ്ട് സംരക്ഷണ സമിതി ഭാരവാഹികളാട് ചർച്ച നടത്തി. സമിതി ജനറൽ കൺവീനർ കെ.എം. ഹസൻ, മുൻ മേയർ കെ.ജെ. സോഹൻ, സ്റ്റീഫൻ റോബർട്ട്, ജയപ്രകാശ്, ഹാരിസ് അബു, എൻ.എസ്. ഷാജി, അഡ്വ സാജൻ മണ്ണാളി, ക്യാപ്റ്റൻ മോഹൻദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.