കാക്കനാട്: സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസിൽ 30,000 ചതുരശ്രയടി സ്ഥലത്ത് ഒന്നര കോടി രൂപ ചെലവിൽ 2016 ൽ സ്ഥാപിച്ച 200 സോളാർ പാനലുകളിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. വിവിധ വകുപ്പുകളിലായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന 72 സർക്കാർ ഓഫിസുകളിലേക്കും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പാനലുകളാണ് ഇവിടെ സ്ഥാപിച്ചത്.
40 കിലോ വാട്സ് കലക്ടറേറ്റിൽ ഉപയോഗിച്ച ശേഷം 20 കിലോവാട്സ് കെ.എസ്.ഇ.ബിക്ക് നൽകാനാകുമെന്ന പ്രഖ്യാപനത്തോടെയാണ് സോളർ പാനലുകൾ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, അനർട്ട് തുടങ്ങിയവയടങ്ങിയ വിദഗ്ധ സമിതിയാണ് സോളാർ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. പരീക്ഷണാർഥം ആദ്യത്തെ ഏതാനും മാസം ഉപയോഗിച്ച ശേഷം പരിപാലനവും അറ്റകുറ്റപ്പണിയും മുടങ്ങി. പിന്നീട് ആരും ശ്രദ്ധിക്കാതെയായി.
പാനലുകളും ബാറ്ററിയും ഏറെക്കുറെ നശിച്ച നിലയിലാണ്. കലക്ടറേറ്റ് കെട്ടിടത്തിലെ 30 ഓഫിസുകളിലെ ബിൽ തുക കുടിശ്ശികയാക്കിയതിന്റെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ സോളാർ പാനലുകൾ വീണ്ടെടുക്കാനുള്ള ചർച്ചയും ആറ് മാസം മുമ്പ് അധികൃതർ തുടങ്ങിയെങ്കിലും യാതൊരു പുരോഗതിയുമില്ല. വൈദ്യുതി മുടങ്ങുമ്പോൾ ഓഫിസ് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ 2017 ൽ കലക്ടറേറ്റ് വളപ്പിൽ 75 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഡീസൽ ജനറേറ്ററും പ്രവർത്തനരഹിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.