മട്ടാഞ്ചേരി: ആചാരവിശ്വാസം കൈവിടാതെ, ദീപങ്ങൾ തെളിയിക്കാതെ, പടക്കം പൊട്ടിക്കാതെ മട്ടാഞ്ചേരിയിലെ ദീപാവലി ആഘോഷം വേറിട്ട കാഴ്ചയായി. കോവിഡ് പ്രതിസന്ധികളോ നിയന്ത്രണങ്ങളോ അല്ല ഇതിനടിസ്ഥാനം. ജൈന സമൂഹത്തിലെ സ്ഥാനക് വിഭാഗമാണ് വേറിട്ട ദീപാവലി ആഘോഷിക്കുന്നത്.
വിളക്ക് കത്തിക്കാതെയും പടക്കം പൊട്ടിക്കാതെയും പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ കൽപസൂത്ര പാരായണം നടത്തി. തുടർന്ന് പരസ്പരം സാൽ മുബാറക് (പുതുവത്സരാശംസകൾ) നേർന്നു.
മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ ശ്വേതാംബർ മുർത്തി പൂജക് ജൈൻ സംഘിെൻറ ധർമനാഥ്ജി ക്ഷേത്രത്തിലാണ് എല്ലാ വർഷവും ഇത്തരത്തിൽ വേറിട്ട ദീപാവലി ആഘോഷം നടക്കുന്നത്. വിളക്കുകൾ തെളിക്കാത്തതിനാൽ വിളക്ക് കത്തിക്കാത്ത അമ്പലം എന്നാണ് നാട്ടുകാർ ഈ സ്ഥാനക് വാസി ജൈനക്ഷേത്രത്തെ വിളിക്കുന്നത്. 120 വർഷം പിന്നിട്ട ക്ഷേത്രം കേരളത്തിലെ അപൂർവം ജൈന ക്ഷേത്രങ്ങളിലൊന്നാണ്. വിളക്ക് തെളിച്ചാൽ പ്രാണികൾ അതിലാകർഷിച്ച് മരണപ്പെടാനിടയാക്കുമെന്നും പടക്കങ്ങൾ പൊട്ടുമ്പോൾ പ്രകൃതി ജീവജാലങ്ങളിലെ ചെറുപ്രാണികൾക്ക് ജീവഹാനി യുണ്ടാക്കുമെന്നുമുള്ള മതഗ്രന്ഥത്തിലെ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് ഇതെന്ന് പഴമക്കാർ പറയുന്നു.
നിത്യാരാധനക്കുപോലും ക്ഷേത്രത്തിൽ ഇവർ വിളക്ക് തെളിക്കാറില്ല. പ്രത്യേക വിഗ്രഹങ്ങളോ രൂപങ്ങളോ ഇല്ലാതെ വായ തുണികൊണ്ട് മറച്ച് മന്ത്രങ്ങളും ജപങ്ങളുമായാണ് ഇവരുടെ പ്രാർഥന. നാനൂറോളം ജൈന സമൂഹഭവനങ്ങളുള്ള കൊച്ചിയിൽ നൂറോളം കുടുംബങ്ങൾ സ്ഥാനക്വാസി വിഭാഗക്കാരാണ്. ആഘോഷങ്ങൾക്കൊപ്പം ജീവിതരീതിയിലും.
ഇ. ക്രാന്തികുമാർ ദേവസി ഷാ പ്രസിഡൻറായും കൗശൽ രമേഷ് മേത്ത സെക്രട്ടറിയുമായുള്ള സമിതിയാണ് ക്ഷേത്ര ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.