ഫോർട്ട്കൊച്ചി: കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കപ്പെടുന്ന ചീനവലകൾ നിലനിൽപ്പു ഭീഷണിയിൽ. കടലിറക്കവും പായൽ ശല്യവും ചീനവലകളെ ഇല്ലായ്മ ചെയ്യുകയാണ്. സഞ്ചാരികളെ കൊച്ചിയിലേക്ക് ആകർഷിക്കാൻ ടൂറിസം വകുപ്പും സർക്കാറും തയാറാക്കുന്ന ബ്രോഷറുകളിൽ ചീനവലകൾ മുഖ്യയിടം പിടിക്കുമ്പോഴും ഇവ സംരക്ഷിക്കാനുള്ള നടപടികൾ പാഴ്വാക്കാവുകയാണ്.
ഗേറ്റ് വല, ബാങ്ക് വല, കരടി വല, സൊസൈറ്റി വല, കൊച്ചു വല, കുവൈറ്റ് വല, പങ്ക് വല, അമേരിക്കൻ വല, പാലം വല, കരിപ്പുര വല, കുറുഞ്ഞു വല, മക്രിയാസ്, ജെയ്ക്കോ വല, കുഞ്ഞപ്പൻ വല, പാപ്പുട്ടി വല, ജെറോം വല, മൈക്കിൾ വല തുടങ്ങി 24 തരം ചീനവലകളാണ് ഫോർട്ടുകൊച്ചിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആെറണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. പായൽ ഇടിച്ചുകയറി പങ്ക് വല കഴിഞ്ഞദിവസമാണ് തകർന്നത്.
ചീനവലകൾ സംരക്ഷിക്കാൻ 2013ൽ ചൈനീസ് ഭരണാധികാരികൾ തയാറായതാണ്. രണ്ടു കോടി രൂപ പുനർനിർമാണത്തിന് അനുവദിക്കുകയും ചെയ്തു. എന്നാൽ, വിദേശ പണം സ്വീകരിക്കുന്നത് നാണക്കേടാണെന്ന് കണക്കാക്കി അന്നത്തെ യു.ഡി.എഫ് സർക്കാർ ഓഫർ നിരസിക്കുകയായിരുന്നു. 2014 മുതൽ ചീനവലകൾ സർക്കാർ ചെലവിൽ സംരക്ഷിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപടിയുണ്ടായില്ല. 2014 മുതൽ ഇതുവരെ മേഖലയിലെ 10 ചീനവലകൾ നിലംപൊത്തി.
സൂനാമിയിൽ തകർന്ന വലകൾക്കുള്ള നഷ്ടപരിഹാരം പോലും ഇതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ രണ്ടു വലകൾ ഭാഗികമായി തകർന്നെങ്കിലും പ്രളയം കൊച്ചിയിലില്ലായിരുന്നുവെന്ന വാദമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചതെന്ന് വല ഉടമകൾ പറയുന്നു. ചീനവല പുനർനിർമാണ പദ്ധതി പ്രകാരം കൊണ്ടുവന്ന തമ്പകം മണ്ണിൽ കിടന്ന് ദ്രവിക്കുകയാണ്. കഴകൾക്കായുള്ള തേക്ക് മരങ്ങൾ വനം വകുപ്പിെൻറ സഹകരണത്തോടെ കണ്ടുവെച്ച് അടയാളപ്പെടുത്തിയിട്ട് വർഷങ്ങളായി.
കടൽ ഇറങ്ങിയതോടെ ചീനവലകൾ കരയിൽ പെട്ടുപോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കടപ്പുറത്ത് അശാസ്ത്രീയമായി പുലിമുട്ടുകെട്ടിയതാണ് ഇതിന് കാരണമെന്ന് വല ഉടമയായ വിൻസെൻറ് പറയുന്നു. പായൽക്കൂട്ടം ഇടിച്ചുകയറുന്നത് വല കീറാനും കാരണമാകുന്നു. 27,000 രൂപ മുടക്കി രണ്ടാഴ്ചയോളം തുന്നിയാണ് വല തയാറാക്കുന്നത്. വരുമാനമില്ലായ്മയും പ്രവർത്തന തടസ്സവും അവഗണനയും കൂടിയായതോടെ കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അധികൃതർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ചീനവലകൾ ഓർമയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.