കളമശ്ശേരി: ദേശീയപാത കളമശ്ശേരി വല്ലാർപാടം പാത കവാടത്തിൽ ഉണ്ടായ വെള്ളക്കെട്ടിന് കാരണമായത് മാലിന്യവും കാനയിൽ തള്ളിയ മണ്ണും. ഒഴുകി പോകാൻ കഴിയാതെ വെള്ളം കെട്ടിക്കിടന്നതോടെ റോഡരികിൽ കുമിഞ്ഞ് കിടന്ന വിവിധ തരം മാലിന്യങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. വലിയ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ വന്നതോടെ മാലിന്യങ്ങൾ ഓളത്തിൽ റോഡിലാകെ പരന്നു.
ദേശീയ പാതയിലും വല്ലാർപാടം പാതയിൽ പുതിയ റോഡ് ജങ്ഷൻ വരെയും മാലിന്യങ്ങൾ ഒഴുകിയെത്തി. ഒപ്പം രൂക്ഷമായ ദുർഗന്ധവും. കളമശ്ശേരിയിൽ മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രമാണ് ദേശീയ പാതയിലെ ഈ പ്രദേശം. വല്ലാർപാടം പാതയിൽനിന്ന് കളമശ്ശേരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പലതരത്തിലുള്ള മാലിന്യങ്ങളാണ് തള്ളുന്നത്. ഏലൂർ ഭാഗത്ത് നിന്നാണ് ഇവിടെ തള്ളുന്നത്. കൂടാതെ ആലുവ മുട്ടം പാലം കടന്ന് വല്ലാർപാടം പാതയിലേക്ക് പ്രവേശിക്കുന്ന റോഡരികിലും മാലിന്യം കുന്നുകൂടി. ആലുവ ഭാഗത്ത് നിന്ന് വരുന്നതാണ് ഈ ഭാഗത്തെ മാലിന്യം. ലോറികളുടെ അനധികൃത പാർക്കിങ്ങും മാലിന്യം തള്ളുന്നവർക്ക് സഹായകമാകുന്നു.
വല്ലാർപാടം പാതയിലെ അനധികൃത പാർക്കിങ്ങുകൾ നിയന്ത്രിക്കുമെന്ന് ജില്ല ഭരണകൂടം പറയുന്നതല്ലാതെ നടപടികൾ ഉണ്ടായില്ല. കാമറകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ അന്നത്തെ കലക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലും പുതിയ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലതല കോർ കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ ആവർത്തിച്ചിരുന്നു.
ഇതുകൂടാതെയാണ് വെള്ളം ഒഴുകി പോകേണ്ട പ്രധാന കാനയിൽ മണ്ണിട്ട് മൂടിയിരിക്കുന്നത്. ഗ്യാസ് പൈപ്പ് കടത്തിവിടാൻ കുഴിയെടുത്ത കരാറുകാർ മണ്ണ് ഓടയിലേക്ക് തള്ളിയതാണ് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.