കിഴക്കമ്പലം: രണ്ടാം ഒളിമ്പിക്സിലും വെന്നിക്കൊടി പാറിച്ച് രാജ്യത്തേക്ക് തിരിച്ചുവരുമ്പോഴും ജന്മനാട്ടിൽ ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച സ്റ്റേഡിയം ഇപ്പോഴും പണി പൂർത്തിയാകാതെ നാല് കാലിൽതന്നെ. ഹോക്കി താരം പി.ആര്. ശ്രീജേഷിന്റെ പേരില്‍ നിര്‍മിക്കുന്ന ഇൻഡോര്‍ വോളിബാള്‍ സ്റ്റേഡിയത്തില്‍ ആരവമുയരാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം.
ഹോക്കി താരത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് കുന്നത്തുനാട് മുന്‍ പഞ്ചായത്ത് ഭരണസമിതി ഒമ്പതുവര്‍ഷം മുമ്പാണ് പ്രഖ്യാപിച്ചത്. പള്ളിക്കര മാര്‍ക്കറ്റിന് സമീപം നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ സ്റ്റേഡിയത്തിനായി കെട്ടിയ തൂണുകൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. മാത്രവുമല്ല, ചുറ്റും കാടുകയറിക്കിടക്കുകയാണ്.
പഞ്ചായത്ത്, എം.എല്‍.എ, ബി.പി.സി.എല്‍, കൊച്ചിൻ റിഫൈനറി എന്നിവരുടെ സംയുക്ത ഫണ്ട് ഇതിനുപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വരുകയും കരാറുകാരനുമായി തർക്കമുയരുകയും ചെയ്തതോടെ നിർമാണം നിലക്കുകയായിരുന്നു. പിന്നീട് ജില്ല പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല.
രണ്ടാം ഒളിമ്പിക്സിലും നാടിന് നേട്ടം കൈവരിച്ചതോടെ കേന്ദ്രസർക്കാറോ സംസ്ഥാന സർക്കാറോ ഏറ്റെടുത്ത് നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രീജേഷ് ഒളിമ്പിക്സിൽനിന്ന് വിരമിക്കുമ്പോൾ ശ്രീജേഷിന്റെ വിജയം നാട്ടിൽ അടയാളപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു. അതിനാൽ ഇനിയെങ്കിലും എത്രയുംവേഗം സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2014ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ജയിച്ചപ്പോള്‍ ശ്രീജേഷിന് കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയിരുന്നു. അന്നത്തെ സ്പോര്‍ട്സ് മന്ത്രി ശ്രീജേഷിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന് സ്റ്റേഡിയത്തിനുള്ള അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് നിലവില്‍ പള്ളിക്കര സ്പോര്‍ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വോളിബാള്‍ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനം തെരഞ്ഞെടുത്തത്.
സ്റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കാതെയായിരുന്നു. എന്നാൽ, നിർമാണം പാതിവഴിയിൽ നിലച്ചതോടെ പകുതി നിർമാണം നടത്തിയ സ്ഥലത്ത് വീണ്ടും കളി ആരംഭിക്കുകയായിരുന്നു. നാഷനല്‍, പൊലീസ് സേന എന്നിവയിലടക്കം ഒട്ടേറെപ്പേരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ ഗ്രൗണ്ടിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.