മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും തോട്ടക്കാട്ടുകരയുടെ ഉറക്കം കെടുത്തുന്നു

ആലുവ: മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും തോട്ടക്കാട്ടുകരയുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസങ്ങളായി മോഷ്ടാക്കളുടെ ശല്യം മേഖലയിൽ വർദ്ധിച്ചിരിക്കുകയാണ്. മോഷണത്തേക്കാൾ കൂടുതൽ മോഷണ ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം തോട്ടക്കാട്ടുകര അക്വഡേറ്റിന് സമീപം നടന്ന മോഷണ ശ്രമങ്ങളാണ് ഏറ്റവും ഒടുവിലത്തേത്. നാല് വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. വീട് കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. നാലാമത്തെ വീട് കുത്തിതുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

കുത്തിതുറന്ന വീടുകളിൽ ആളുകൾ ഉണ്ടായില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടിരുന്നില്ല. ഒ.എസ്.എ ലൈനിൽ സിൽ വീട്ടിൽ വി.വി. അബ്ദുൾ അസീസ്, ഹാപ്പി ലൈയിൻ ലതാ നിലയത്തിൽ പി.എൻ. നീലകണ്ഠൻ പിള്ള, ആട്ടച്ചിറ വീട്ടിൽ ഗോപിനാഥൻ നായർ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അസീസിന്‍റെയും നീലകണ്ഠൻറെയും വീടുകൾ വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പൂട്ടികിടക്കുകയായിരുന്നു. ഗോപിനാഥൻ കുടുംബസമേതം മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് പോയിരിക്കുകയായിരുന്നു. ഒ.എസ്.എ ലൈൻ പയ്യപ്പിള്ളി വീട്ടിൽ പോളി സ്റ്റാൻലിയുടെ വീടാണ് കുത്തിതുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടത്.

ഗോപിയുടെ വീടിനകത്തെ അലമാര ഉൾപ്പെടെ കുത്തിതുറന്ന് വസ്തങ്ങൾ വാരിപുറത്തിട്ടിട്ടുണ്ട്. സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ളതൊന്നും വീട്ടിൽ സൂക്ഷിക്കാതിരുന്നത് വീട്ടുകാർക്ക് അനുഗ്രഹമായി. ഒന്നര മാസം മുൻപ് തോട്ടക്കാട്ടുകരയുടെ മറ്റൊരു ഭാഗത്തും ഇത്തരത്തിൽ മോഷണ ശ്രമങ്ങൾ നടന്നിരുന്നു. മോഷ്ടാക്കൾ വീടുകളിൽ കയറി അലമാരയിലെ വസ്തുക്കളടക്കം പുറത്തേക്കിട്ട് വീട് അലങ്കോലപ്പെടുത്തുന്ന രീതിയാണ് പൊതുവിൽ കാണുന്നത്. അതിനാൽ തന്നെ സാമൂഹിക വിരുദ്ധരാണോ മോഷ്ടാക്കളെന്നും സംശയിക്കുന്നു. സംഭവങ്ങൾക്ക് പിന്നിൽ അക്വഡേറ്റിൽ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരാണെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിക്കുന്നുമുണ്ട്. അക്വഡേറ്റ് കേന്ദ്രീകരിച്ച് ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമാണ്.

പല ദിക്കുകളിൽ നിന്നുള്ളവരാണ് ഇവിടെ ലഹരിപദാർത്ഥങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി എത്തുന്നത്. നാട്ടുകാർ പലവട്ടം പൊലീസിലും എക്സൈസിലും പരാതി നൽകിയെങ്കിലും ലഹരി മാഫിയ ഇതുവരെ അക്വഡേറ്റ് വിട്ടുപോയിട്ടില്ല. കഴിഞ്ഞ ദിവസം കവർച്ചാശ്രമം നടന്ന നാല് വീടുകളും അക്വഡേറ്റിനോട് ചേർന്നുള്ളവയാണ്. പകൽ സമയങ്ങളിൽ പൂട്ടികിടക്കുന്ന വീട് കണ്ടുവച്ച ശേഷം രാത്രിയിൽ കുത്തിത്തുറക്കുന്നതാണെന്നാണ് സംശയം. തോട്ടക്കാട്ടുകരയിലെ ചില വീടുകളുടെ മതിലിൽ ചുവപ്പ് മഷിയിൽ എക്സ് മാർക്ക് ചെയ്തത് നാട്ടുകാരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. എക്സിന് പുറമെ ഡോട്ടും ഉണ്ട്. അര ഡസനോളം വീടുകളുടെ മതിലുകളിലാണ് മാർക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നാട്ടുകാരെ ഭീതിയിലാഴാനുള്ള ശ്രമമാണെന്നും സംശയിക്കുന്നു.

Tags:    
News Summary - Thieves and anti-socials are disturbing the sleep of the gardeners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.