എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ലെ കൊ​ടി​മ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന ചൗ​ക്കീ​ദാ​ർ ടി.​പി. രാ​ജേ​ഷ്

എല്ലാ ദിവസവും പതാക ഉയർത്തുന്ന ചൗക്കിദാർമാർ

കാക്കനാട്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഒട്ടുമിക്ക കേന്ദ്ര മന്ത്രിമാരും ട്വിറ്റർ അക്കൗണ്ടിന്‍റെ പേരിൽ ചെറിയ മാറ്റം വരുത്തിയത്. കാവൽക്കാരൻ എന്നർഥം വരുന്ന ചൗക്കിദാർ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു ചെയ്തത്. പി.ആർ. ജോലികളുടെ ഭാഗമായിരുന്നെങ്കിൽ കൂടി തങ്ങളാണ് നാടിന്‍റെ കാവൽക്കാർ എന്ന് പറയുന്നതായിരുന്നു ഇത്. മറ്റൊരു കൂട്ടം കാവൽക്കാരെക്കുറിച്ചാണ് പറയാൻ പോകുന്നത്.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയർത്തുന്നത് മിക്കവാറും രാഷ്ട്രീയ പ്രവർത്തകരുടെയും സ്വപ്നമാണ്. എന്നാൽ, ദിവസവും അതിന് അവസരം കിട്ടുന്ന ചിലരുണ്ട്. കലക്ടറേറ്റിലെ ചൗക്കിദാർമാർ ആണവർ. പറഞ്ഞുവരുമ്പോൾ കലക്ടറേറ്റിന്റെ കാവൽക്കാർ ആണെങ്കിലും പ്രധാന ജോലി ദേശീയ പതാകയുടെ കാവൽക്കാർ ആണെന്നതാണ് വസ്തുത.

വാളകം സ്വദേശി ടി.പി. രാജേഷും വൈക്കം സ്വദേശി രാഹുലുമാണ് എറണാകുളം കലക്ടറേറ്റിലെ ചൗക്കീദാർമാർ. എല്ലാ ദിവസവും രാവിലെ ആറു മണിക്ക് പതാക ഉയർത്തുന്നതും വൈകീട്ട് ആറിന് താഴ്ത്തുന്നതും ഇവരാണ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ ഒഴികെയുള്ള ബാക്കി ദിവസങ്ങളിലെല്ലാം ഇത് ചെയ്യുന്നത് ഇവർ രണ്ടുപേരുമാണ്.

കലക്ടറേറ്റ് പോലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ മാത്രമാണ് പതാക കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. കലക്ടറേറ്റിൽ ചൗക്കിദാർ ആണെങ്കിൽ മറ്റു സ്ഥാപനങ്ങളിൽ സാർജന്റ്, ദഫേദാർ, ശിരസ്തദാർ തുടങ്ങിയ പല പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. കേരള ഹൈകോടതിയിൽ നൈറ്റ് വാച്ചർമാർക്കാണ് ഇതിന്‍റെ ചുമതല.

ദിവസേന നടക്കുന്ന കാര്യം ആയതിനാലും അതിരാവിലെയും സന്ധ്യക്കും ആയതിനാലും പതാക ഉയർത്തലും താഴ്ത്തലും കാണാൻ മറ്റാരും ഉണ്ടാകാറില്ല. എന്നാൽ, എല്ലാവിധ ആദരവുകളും നൽകി പ്രോട്ടോകോൾ പ്രകാരം തന്നെയാണ് ചെയ്യുന്നത്.

പതാക കൊടിമരത്തിൽ കുടുങ്ങുന്ന സന്ദർഭങ്ങളിൽ പോലും ചട്ടപ്രകാരം അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷമാണ് താഴെ ഇറക്കുന്നത്. പതാക പ്രോട്ടോക്കോളിൽ പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് ചൗക്കീദാർമാരെ നിയമിക്കുന്നത്. പതാക കെട്ടാനും അഴിച്ചെടുത്തു മടക്കാനുമൊക്കെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഇരുവരും തങ്ങളുടെ ജോലി പൂർത്തിയാക്കുന്നത്.

Tags:    
News Summary - Those who raise the flag every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.