തന്ത്രം, അടവ് എന്നൊക്കെ കേൾക്കുമ്പോൾ വോട്ട് ചാക്കിലാക്കാനുള്ള വിപ്ലവ പാർട്ടിക്കാരുടെ എന്തോ സൂത്രപ്പണിയാണെന്നാണ് സാമാന്യജനത്തിന്റെ ധാരണ. എന്നാൽ, സൈദ്ധാന്തികമായി അവ തമ്മിൽ വ്യത്യാസമുണ്ട്. വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള പദ്ധതിയാണ് തന്ത്രം. ആ തന്ത്രം കൊണ്ടുള്ള ഫലം ലഭിക്കാൻ അവസരത്തിനൊത്ത് രൂപപ്പെടുത്തുന്നതാണ് അടവുകൾ. പാർട്ടിയുടെ പലതരം അടവുകൾ കാണുമ്പോൾ അവ പരസ്പരവിരുദ്ധമാണെന്ന് തോന്നാമെങ്കിലും അവക്ക് മുഴുവൻ മൗലികമായ ഏകതാനതയുണ്ടെന്ന് താത്ത്വികാചാര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
മുതലാളിക്കെതിരെ കുന്നംകുളത്തിന്റെ മാപ്പ് തേടി ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതും മുതലാളി തൃക്കാക്കരയുടെ മാപ്പ് വേണേൽ തരാമെന്ന് പറഞ്ഞതോടെ പോസ്റ്റ് മുക്കിയോടുന്നതും നിലപാടിൽനിന്നുള്ള പിൻമാറ്റമായി നാട്ടുകാർക്ക് തോന്നാമെങ്കിലും അത് തന്ത്രപരമായ അടവാണ്. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്.... ലക്ഷ്യപരമായി അതിൽ തെറ്റില്ല എന്നർഥം.
അതല്ല ഒരു മാപ്പ് ചോദിച്ചതിന് ഒരു ലോഡ് മാപ്പ് കിട്ടാൻ ചാൻസുണ്ടെന്നു പാർട്ടി കേന്ദ്രങ്ങൾ കണ്ടെത്തിയതാണ് പിൻമാറ്റത്തിന് പിന്നിലെന്നും സംസാരമുണ്ട്. എന്തായാലും ലക്ഷ്യം തൃക്കാക്കര കയറലാണ്. അതുകൊണ്ട് ഇന്നലെവരെ മുതലാളിക്കും ചൂൽപാർട്ടിക്കുമെതിരെ എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് ഇന്ന് സഹകരണത്തിന്റെയും ആശയപരമായ ഉൾചേർച്ചയുടെയും പുതിയ ദാർശനികതലങ്ങൾ കണ്ടെത്തുന്നതിൽ തെറ്റില്ല.
പാർട്ടിയുടെ യുവബുദ്ധിജീവി ചൂൽപാർട്ടിക്ക് വിപ്ലവപാർട്ടിയോടേ ചേർന്നുനിൽക്കാനേ ആകൂവെന്ന് കണ്ടെത്തുകയും ചെയ്തതാണ്. അപ്പോഴേക്കും പാർട്ടിയിലെ മുതിർന്ന സൈദ്ധാന്തികൻ ചൂൽപാർട്ടി നവബൂർഷ പാർട്ടിയാണെന്ന് ചില മൂലഗ്രന്ഥങ്ങൾ പരതി കണ്ടെത്തി. തികച്ചും ഹൃദ്ശൂന്യ നടപടി, അല്ലാതെന്തുപറയാൻ. ഖദർ പാർട്ടിക്കു ഇത്തരം പ്രത്യയശാസ്ത്ര ഭാരങ്ങൾ ഇല്ലാത്തതുകൊണ്ട്, നിങ്ങൾ എന്തായാലും മത്സരിക്കുന്നില്ല എന്നാൽ, പിന്നെ എല്ലാരുടേം വോട്ട് ഞങ്ങൾക്കു തന്നോളൂ എന്ന് പച്ചക്കു പറയുന്നതിൽ ഒരു മടിയും ഇല്ല.
കാലാകാലമായി ദാനശീലരിൽനിന്ന് വോട്ട് വാങ്ങലാണ് പതിവ്. അതിനു ചിന്തൻ ശിബിരം കൂടി തീരുമാനിക്കേണ്ട കാര്യമില്ല. ലവർക്ക് വേണ്ടാത്തതും വോട്ട്, നമുക്ക് വേണ്ടതും വോട്ട്. മൊത്തമായും വാങ്ങും ചില്ലറയായും വാങ്ങും. അതുകൊണ്ട് മുതലാളിക്ക് എത്ര മാപ്പുകൊടുക്കാനും പാർട്ടി തയാറാണ്. നേതാവ് ആദർശ വിപ്ലവസിംഹമായിരുന്നു എന്നതിനൊന്നും ഇപ്പോൾ പ്രസക്തിയില്ല. ലക്ഷ്യമാണ് പ്രധാനം.
തൃക്കാക്കര കൈവിട്ടുപോയാൽ പിന്നെ കേരളത്തിൽ പാർട്ടിയുടെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ. അതിനിടെ ആദർശത്തിന്റെ കടമ്പ്രയാർ ഒന്നും ഒഴുക്കിക്കൊണ്ടു വരണ്ട ഒരു കാര്യവുമില്ല. കടമ്പ്രയാർ നാളെയും അവിടത്തന്നെ ഉണ്ടാകും. ഈ കരകൂടി കൈവിട്ടുപോയാൽ ഇനി ജയിക്കാൻ കാവിലെ പാട്ടുമത്സരം പോലും ബാക്കിയുണ്ടാകില്ല. അതുകൊണ്ട് ആദർശം തല്ക്കാലം അട്ടത്തിരിക്കട്ടെ.
ഇതിനിടെ മുതലാളിയുടെ വലിയ മനസ്സ് ആരും കാണാതെ പോകരുത്. കാര്യം രക്തസാക്ഷിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം നടത്തിയതെങ്കിലും മാപ്പുപറഞ്ഞാൽ വോട്ട് കൊടുക്കാൻ അദ്ദേഹം തയാറാണ്. വിശാലഹൃദയനായ ആശാനാണ്. അല്ലേലും ബിസിനസുകാർക്ക് ആരോടും സ്ഥിരം വിരോധമില്ല. സ്ഥായിയായ വിരോധം ഒരു ബിസിനസും വളർത്തില്ല. 'തുല്യ നിന്ദാ സ്തുതിർ മൗനി' എന്നാണ് ഭഗവദ് ഗീതയിൽ പറയുന്നത്. അഥവാ ശത്രുവിലും മിത്രത്തിലും സ്തുതിയിലും നിന്ദയിലും ഒരുപോലെ വർത്തിക്കുക. മുതലാളിക്ക് ബിസിനസ് മുഖ്യം, പാർട്ടികൾക്ക് വോട്ട് മുഖ്യം ബിഗിലേ...
ഹൈക്കു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.