കാക്കനാട്: തൃക്കാക്കര നഗരസഭ സഭയുടെ സ്റ്റോപ് മെമ്മോക്ക് പുല്ലുവില. വാഴക്കാലയിൽ സ്വകാര്യ ജ്വല്ലറിയുടെ നിർമാണം എല്ലാ ചട്ടവും കാറ്റിൽ പറത്തിയെന്ന് പരാതി. നഗരസഭയിൽനിന്ന് നിയമാനുസൃതമായ അനുമതി വാങ്ങാതെ വാഴക്കാലയിലെ ജ്വല്ലറി നിലവിലുള്ള കെട്ടിടത്തോട് ചേർത്ത് അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തുന്നതായി ഉദ്യോഗസ്ഥരുടെ പരിശോധനയിലും ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് നിർമാണങ്ങൾ നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോയും നഗരസഭ നൽകിയെങ്കിലും നിർമാണം തുടരുകയാണ്. കഴിഞ്ഞ ആറുമാസമായി നടപടി സ്വീകരിക്കുമെന്ന് നോട്ടീസ് നൽകുന്നതല്ലാതെ നിർമാണത്തിലെ ചട്ടലംഘനം കണ്ടെത്തിയിട്ടും നഗരസഭ ഉദ്യോഗസ്ഥർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഉന്നത ഇടപെടലുകളെ തുടർന്ന് ഉദ്യോഗസ്ഥർ അനധികൃത നിർമാണം പൊളിച്ചുനീക്കാനും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അനധികൃത നിർമാണം നടക്കുന്നതായി നഗരസഭ ഓവർസിയറുടെ കണ്ടെത്തലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് ജനുവരി 20ന് ജ്വല്ലറി ഉടമക്ക് നഗരസഭ നൽകിയെങ്കിലും നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ കെട്ടിട ഉടമക്ക് നഗരസഭ ഹിയറിങ് നോട്ടീസ് നൽകി. ഫെബ്രുവരി 23ന് ഹിയറിങ്ങിന് ഹാജരായ കെട്ടിട ഉടമ തന്റെ അറിവില്ലായ്മകൊണ്ട് നിയമാനുസൃതമല്ലാതെ നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫീസ് റഗുലൈസേഷൻ നടത്തണമെന്ന വിചിത്ര മറുപടിയാണ് മുനിസിപ്പൽ എൻജിനീയർക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.