മലയാറ്റൂര്‍: കാട്ടാനയെപ്പേടിച്ച് കഴിഞ്ഞുകൂടുകയാണ് ഇല്ലിത്തോട്, കണ്ണിമംഗലം ഗ്രാമവാസികള്‍. ഇല്ലിത്തോട് ആല്‍ത്തറ ഭാഗത്ത് ഞായറാഴ്ച രാത്രി ഇരുപതോളം വരുന്ന കാട്ടാനകള്‍ ഇറങ്ങിയത് ഭീതിപടര്‍ത്തി. ഗവ. ആശുപത്രി ഭാഗത്തേക്ക് പോകുന്ന പാലം വഴിയാണ് ആനക്കൂട്ടം ആല്‍ത്തറ ഭാഗത്തെത്തിയത്. ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളി കേട്ടതോടെ ആളുകൾ ഭീതിയിലായി.
പരിസരവാസികള്‍ സംഘം ചേര്‍ന്ന് ഒച്ചവെച്ചും പാട്ടകൊട്ടിയും കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള ആനക്കൂട്ടത്തെ പൈനാപ്പിള്തോട്ടം വഴി പുഴ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. മുളംകുഴി, വള്ളിയാകുളം, ആറാട്ട് കടവ് ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണ്. ഇല്ലിത്തോട്ടിലും മുളങ്കുഴിയിലും ആഴ്ചകള്‍ക്കുമുമ്പ് കുട്ടിയാനകള്‍ കിണറില്‍ വീണിരുന്നു. കണ്ണിമംഗലം, കടുകുളങ്ങര, മോതിരക്കണ്ണി, മറിയാമ്മക്കയറ്റം, കൊല്ലങ്കോട് ഭാഗങ്ങളില്‍ ദിവസങ്ങളായി കുട്ടിയാനകള്‍ ഉള്‍പ്പെടെ തമ്പടിച്ചിരിക്കുകയാണ്.
രാപകല്‍ വ്യത്യാസമില്ലാതെ റോഡില്‍ ഇറങ്ങിനിൽക്കുന്ന ആനകള്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്ക് യഥാസമയങ്ങളില്‍ സ്കൂളുകളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കണ്ണിമംഗലം ക്ഷേത്രത്തിന് സമീപമാണ് ഒരാന പ്രസവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയാനകള്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുന്ന കൊമ്പന്മാര് വാഹനങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുന്നത് അപകടകാരണമാകുന്നുണ്ട്. 150ഓളം കുടുംബങ്ങള്‍ ഈ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. വനപാലകര്‍ ജീപ്പിലെത്തി ആനകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ജീപ്പിനുനേരെ കൊമ്പന് ഓടിയടുത്തു. ഇല്ലികള്‍ പൂക്കുന്ന സമയമായതിനാല്‍ ഇവ തിന്നുന്നതിനാണ് ആനകള്‍ ഈ ഭാഗങ്ങളില്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.