കൊച്ചി: ജില്ലയുടെ ഭൂഗർഭ ജലനിരപ്പിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് ഭൂജല വകുപ്പിന്റെ പരിശോധനഫലം. ഭൂജലനിരപ്പിന്റെ കാര്യത്തിൽ ഭാവിയിലും വലിയ ആശങ്ക വേണ്ടെന്നും വകുപ്പ് അധികൃതർ പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ജില്ലയിലെ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പ്രതിമാസമാണ് ഭൂജല പരിശോധന നടക്കുന്നത്. ഓരോ മാസത്തെ അളവും മുൻമാസത്തേതുമായി താരതമ്യം ചെയ്താണ് വിലയിരുത്തുന്നത്. ഇത്തരത്തിൽ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ ഇടപ്പള്ളി ബ്ലോക്കിൽ മാത്രമാണ് ജനുവരിയെക്കാൾ ജലനിരപ്പ് കുറച്ചധികം കുറയുന്നതായി കണ്ടെത്തിയിട്ടുള്ളത്. കൂവപ്പടി, പള്ളുരുത്തി ബ്ലോക്കുകളിലും ചെറിയ വ്യത്യാസമുണ്ട്. കഴിഞ്ഞ 10 വർഷത്തെ സർവേ റിപ്പോർട്ട് പ്രകാരം കൂവപ്പടി, പാമ്പാക്കുട ബ്ലോക്കുകളിലാണ് ജലനിരപ്പിൽ ഗണ്യമായ കുറവുള്ളത്. എന്നാൽ, ഇതൊന്നും വലിയ, ആശങ്കപ്പെടാവുന്ന വ്യത്യാസമല്ലെന്ന് ഭൂജല വകുപ്പ് ജില്ല ഓഫിസർ കെ.യു. അബൂബക്കർ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വേനൽച്ചൂട് കൂടുതലാണെങ്കിലും വരൾച്ചയുടെ ഘട്ടത്തിലേക്കൊന്നും പോയിട്ടില്ല. സമീപഭാവിയിലും വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. എറണാകുളം ജില്ല സുരക്ഷിത സോണിലാണ്.
ജില്ലയിലെ ഭൂജലനിരപ്പ് പരിശോധിക്കുന്നതിന് വകുപ്പിനുകീഴിൽ 90 കിണറാണുള്ളത്. ഇതിൽ 37 എണ്ണം സാദാ (ഓപൺ വെൽ) കിണറുകളും ബാക്കി കുഴൽക്കിണറുകളുമാണ്. ഈ കിണറുകൾ പരിശോധനക്ക് മാത്രം വകുപ്പ് കുഴിച്ചവയാണ്.
സ്ഥാനം കണ്ടെത്തും, കിണർ കുഴിച്ചും തരും...
കിണർ കുഴിക്കാനുള്ള സ്ഥലം കണ്ടെത്താനും കിണർ കുഴിക്കാനും ഭൂജല വകുപ്പുണ്ട്. ഇതിനായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെല്ലാം പ്രത്യേകം ഫീസടച്ച് അപേക്ഷിക്കാം. പ്രതിമാസം 50-60 അപേക്ഷ ജില്ല ഓഫിസിൽ ഇത്തരത്തിൽ വരുന്നുണ്ട്, വേനൽമാസങ്ങളിൽ ഇത് 70 മുതൽ 80 വരെയാവും. സ്ഥാനനിർണയം വേഗത്തിൽ നടക്കുമെങ്കിലും കിണർ കുഴിക്കാൻ സമയമെടുക്കുന്നതിനാൽ അപേക്ഷകർ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ഗവ. സ്ഥാപനങ്ങളിലും സ്കൂളുകളിലും മറ്റും ജലസംഭരണി റീചാർജ്, നാഷനൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കിണർജല കെമിക്കൽ പരിശോധന തുടങ്ങിയ സേവനങ്ങളും വകുപ്പ് നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.