കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു; 300 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

കട്ടപ്പന: വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെത്തുടർന്ന്​ വന്നതോടെ കല്ല്​കുന്ന് കുടിവെള്ള പദ്ധതിയുടെ കണക്​ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. വെള്ളിയാഴ്ച് രാവിലെ 10.30ഓടെയാണ് വലിയകണ്ടത്തുള്ള പമ്പ് ഹൗസിലേക്കുള്ള കണക്​ഷൻ വിച്ഛേദിച്ചത്. ഇതോടെ മുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണം അവതാളത്തിലായി. 2018 മുതലുള്ള വൈദ്യുതി ബിൽ കുടിശ്ശികയായ 16 ലക്ഷം രൂപ വെള്ളിയാഴ്ച ഉച്ചക്ക്​ 12ന്​ മുമ്പ്​ അടക്കണമെന്നുകാണിച്ച്​ കട്ടപ്പന സെക്​ഷൻ സീനിയർ സൂപ്രണ്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കുടിശ്ശിക തീർക്കാൻ നഗരസഭയോ ജല അതോറിറ്റിയോ തയാറായില്ല. ഈമാസം 26വരെ 16.50 ലക്ഷമാണ്​ കുടിശ്ശിക. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം പലിശയിനത്തിൽ 63,952 രൂപ ഇളവ് ചെയ്ത് നൽകാമെന്നും പദ്ധതിയുടെ ഉടമസ്ഥാവകാശമുള്ള നഗരസഭ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. 2021 ഫെബ്രുവരിയിൽ നഗരസഭ കൗൺസിലെടുത്ത തീരുമാനപ്രകാരം ജല അതോറിറ്റിക്ക്​ കുടിവെള്ള പദ്ധതി കൈമാറിയെന്നാണ് സെക്രട്ടറിയുടെ മറുപടി. പദ്ധതിയുടെ 319 ഗുണഭോക്താക്കളിൽനിന്ന്​ പണം പിരിക്കുന്നത് അതോറിറ്റിയാണെന്നും അതിനാൽ വൈദ്യുതി ബിൽ അടക്കാൻ നഗരസഭക്ക്​ നിയമപരമായ തടസ്സമുണ്ടെന്നുമാണ്​ സെക്രട്ടറി കെ.എസ്.ഇ.ബിക്ക് നൽകിയ മറുപടി. അതേസമയം, പദ്ധതിയുടെ ഉടമസ്ഥാവകാശം നഗരസഭ കൈമാറി നൽകിയിട്ടില്ലെന്നാണ് അതോറിറ്റിയുടെ വാദം. കഴിഞ്ഞ നവംബറിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ നടത്തിയ ചർച്ചയിൽ കുടിശ്ശിക നഗരസഭ അടച്ചുതീർത്ത്​ ഉടമസ്ഥാവകാശം അതോറിറ്റിക്ക്​ കൈമാറണമെന്നായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് നഗരസഭ വിഷയത്തിൽ മലക്കംമറിഞ്ഞെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുടിശ്ശിക മുഴുവൻ അടച്ചുതീർത്തെങ്കിൽ മാത്രമേ വൈദ്യുതി കണക്​ഷൻ ജല അതോറിറ്റിയുടെ പേരിലേക്ക്​ മാറ്റിനൽകാൻ കഴിയൂ എന്നും കെ.എസ്​.ഇ.ബി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.