അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ എക്സ് റേ, സ്കാനിങ്, ഒക്സിജൻ പ്ലാൻറുകൾ പ്രവർത്തിക്കാത്തത് സംബന്ധിച്ച് പ്രത്യേക യോഗം ചേരാൻ അടിമാലി ബ്ലോക്ക് പഞ്ചായത്ത് തീരുമാനം. 24ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും ഉച്ചക്ക് ശേഷം ആശുപത്രി എച്ച്.എം.സി യോഗവും ചേരാൻ വെള്ളിയാഴ്ച ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. ഇതുസംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം നൽകിയ വാർത്ത പ്രതിപക്ഷ അംഗം കോയ അമ്പാട്ടാണ് കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയത്. മറ്റ് അജണ്ടകൾ മാറ്റിവെച്ച് ആദ്യം ചർച്ചക്കെടുത്തത് ‘മാധ്യമം’ വാർത്തയും ആശുപത്രി വികസനവുമായിരുന്നു. ഡയാലിസ് യൂനിറ്റ് പ്രശ്നവുമായി ബന്ധപ്പെട്ട് എറെ നേരം ചർച്ച നടന്നു.
കോവിഡ് കാലത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് കലക്ടറുടെ നിർദേശാനുസരണം തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ ഇടുക്കിയിലേക്ക് കൊണ്ടുപോയ അഞ്ച് ഡയാലിസിസ് യൂനിറ്റ് തിരികെ വാങ്ങാനും താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങൾ ഡി.എം.ഒയെയും കലക്ടറെയും ധരിപ്പിക്കാനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എന്നിവരെ ഉൾപ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്കരിച്ചു. 24ന് ചേരുന്ന കമ്മിറ്റിയിൽ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യും. എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും പ്രവർത്തിക്കാത്ത സാഹചര്യമാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളതെന്ന് യോഗം വിലയിരുത്തി. ബാഹ്യഇടപെടലുകളും ചർച്ചയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.